Latest NewsIndiaElection 2019

രാഹുലിനെ രക്ഷിക്കാനിറങ്ങിയ പ്രിയങ്ക ഒരു ചലനവും ഉണ്ടാക്കിയില്ല : പതിനഞ്ചോളമിടത്ത് സംപൂജ്യരായി കോൺഗ്രസ്

15 വര്‍ഷത്തോളം പ്രതിനിധീകരിച്ച സ്വന്തം മണ്ഡലത്തെ പോലും വികസനത്തിന്റെ പാതയില്‍ കൊണ്ടുവരാന്‍ കഴിയാത്ത രാഹുലിന്റെ കരങ്ങളില്‍ ഇന്ത്യയുടെ ഭാവി സുരക്ഷിതമായിരിക്കില്ല എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബദലായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടുവന്ന രാഹുലിന് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി കാര്യമായി ഒന്നും ചെയ്യാനായില്ല. 2004 മുതല്‍ രാഹുലിനെ തുണച്ച സ്വന്തം മണ്ഡലം അമേഠിയില്‍ നിന്നേറ്റ തോല്‍വി രാഹുലിന്റെ നേതൃത്വം തന്നെ അമ്പേ പരാജയം ആണെന്നതിന്റെ സൂചനയാണ്. 15 വര്‍ഷത്തോളം പ്രതിനിധീകരിച്ച സ്വന്തം മണ്ഡലത്തെ പോലും വികസനത്തിന്റെ പാതയില്‍ കൊണ്ടുവരാന്‍ കഴിയാത്ത രാഹുലിന്റെ കരങ്ങളില്‍ ഇന്ത്യയുടെ ഭാവി സുരക്ഷിതമായിരിക്കില്ല എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു.

ഈ തെരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധി ചിത്രത്തില്‍ പോലും ഉണ്ടായില്ല എന്നുവേണം പറയാന്‍. 2004 ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയത്തില്‍ എത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ച സോണിയയെ കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള പത്തുവര്‍ഷക്കാലം കോണ്‍ഗ്രസിന്റെ നിലനില്‍പ്. എന്നാല്‍ 2014 മുതല്‍ അവരുടെ പ്രഭാവം മങ്ങി. 19 വര്‍ഷം കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ, രാഹുല്‍ ഗാന്ധിയെ പാര്‍ട്ടിയുടെ തലപ്പത്ത് കൊണ്ടുവന്നതോടു കൂടി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സജീവമല്ലാതായി.

സ്ഥിരം മണ്ഡലമായ റായ് ബറേലിയില്‍ നിന്നാണ് ഇവര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഫെബ്രുവരിയില്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്കയില്‍ വിജയ പ്രതീക്ഷയര്‍പ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഒട്ടും ആവേശം നല്‍കുന്നതല്ല തെരഞ്ഞെടുപ്പ് ഫലം. പ്രിയങ്ക വരുമ്പോള്‍ ചരിത്രം വഴിമാറും എന്നാണ് കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല അവര്‍ ഏറ്റെടുത്തപ്പോള്‍ പലരും കരുതിയത്. മലയാള മാധ്യമങ്ങൾ ഇപ്പോഴും പ്രിയങ്കയുടെ അപദാനങ്ങൾ പാടുന്നതിൽ മാത്രം ജാഗരൂകരായിരുന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ല.

ഡൽഹി , ഗുജറാത്ത് ,ആന്ധ്ര ,രാജസ്ഥാൻ, ഹരിയാന ,ഹിമാചൽ, ഉത്തരാഖണ്ഡ്,അരുണാചൽ, ഒഡിഷ, ത്രിപുര, മണിപ്പൂർ,മിസോറം,.ചണ്ഡീഗഡ്, ദാമൻ ഡിയു (യൂണിയൻ ടെറിട്ടറി), ദാദ്ര നഗർ ഹവേലി (യൂണിയൻ ടെറിട്ടറി), ആൻഡമാൻ എന്നിവിടങ്ങളിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചില്ല. മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെ രൂപസാദൃശ്യവും ജനങ്ങളോടുള്ള ഇടപെടലുകളും വോട്ടായി മാറും എന്ന കണക്കൂകൂട്ടല്‍ പാടേ പിഴച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് റാലികളില്‍ ആളെക്കൂട്ടാന്‍ അവര്‍ക്കായി. ഹിന്ദുവോട്ടുകള്‍ ഏകീകരിക്കാന്‍ ഗംഗായാത്ര പോലുള്ള പ്രചാരണ പരിപാടികള്‍ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല.

തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുമ്പ് മാത്രം കളത്തിലിറങ്ങിയ പ്രിയങ്കയ്ക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ രാഹുല്‍ ഗാന്ധി പരാജയം എന്ന അഭിപ്രായം ഉടലെടുത്താല്‍ ബദലായി ഉയര്‍ത്തിക്കാട്ടുക പ്രിയങ്കയെ ആയിരിക്കും എന്നുവേണം കരുതാന്‍. ഭരണപക്ഷത്തിനെതിരെ ശക്തമായ ഒരാരോപണവും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഉയര്‍ത്തിക്കാട്ടാന്‍ രാഹുലിന് കഴിഞ്ഞിട്ടുമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിക്കാന്‍ കിട്ടിയ ഒരവസരവും പാഴാക്കിയതുമില്ല.

കാവല്‍ക്കാരന്‍ കള്ളനാണ് എന്ന പ്രചാരണവും ഈ തെരഞ്ഞെടുപ്പില്‍ ഏശിയില്ല. പക്വതയില്ലാത്ത രാഷ്ട്രീയ നേതാവാണ് താനെന്ന് പലകുറി തെളിയിക്കുകയും ചെയ്തു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച കോണ്‍ഗ്രസ് അത് രാഹുലിന്റെ മികവാണെന്ന് ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനം രാഹുലിന്റെ പ്രധാനമന്ത്രി സ്വപ്‌നങ്ങള്‍ക്കുകൂടിയാണ് മങ്ങലേല്‍പ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button