മുംബൈ: ആരാധകരെ ത്രസിപ്പിച്ച് ഒരു കാലത്ത് ബോളിവുഡ് അടക്കിവാണിരുന്ന നടി ഈര്‍മിള മണ്ഡോത്കര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ വജ്രായുധമായിരുന്നു. മുംബൈ നോര്‍ത്തിലെ തെരഞ്ഞെടുപ്പ് തട്ടകത്തില്‍ ഊര്‍മിളയെ മത്സരിപ്പിക്കുമ്പോൾ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതീക്ഷകളായിരുന്നു. എന്നാല്‍ താരാരാധന വോട്ടാക്കി മാറ്റാൻ അവർക്കായില്ല. താരത്തിനു മണ്ഡലത്തിൽ നാണംകെട്ട പരാജയം ഏറ്റു വാങ്ങേണ്ടി വന്നു.
മൂന്ന് ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കാണ് എതിര്‍സ്ഥാനാര്‍ത്ഥി ഗോപാല്‍ ഷെട്ടിയോട് ഊര്‍മിള പരാജയപ്പെടുന്നത്. ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തില്‍ പക്ഷെ പ്രചാരണങ്ങളില്‍ ഊര്‍മിള ബഹുദൂരം മുമ്പിലായിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ ഗോപാല്‍ ഷെട്ടിക്ക് അഞ്ചുലക്ഷത്തിന് മുകളില്‍ വോട്ടുകള്‍. ഊര്‍മിളയ്ക്ക് ലഭിച്ചത് 1,76000 വോട്ടുകളും.
അപ്രതീക്ഷിതമായാണ് ഊര്‍മിള മണ്ഡോത്കറിന്‍റെ രാഷ്ട്രീയ രംഗപ്രവേശം. ആരാധകരെ പോലും അവർ ഞെട്ടിച്ച് കളഞ്ഞു. നാലാം ഘട്ട വോട്ടെടുപ്പ് നടന്ന മുംബൈ നോര്‍ത്തിലെ സ്ഥാനാര്‍ത്ഥിയായി മാര്‍ച്ച് 27-ന് മാത്രം പാര്‍ട്ടിയില്‍ ചേര്‍ന്ന ഊര്‍മിളയെ നിയോഗിച്ചപ്പോള്‍ ജയം മാത്രമായിരുന്നു കോൺഗ്രസ് ലക്ഷ്യം . വോട്ടെടുപ്പിന് ഒരുമാസം മുമ്പാണ് ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ഒരു കാലത്ത് കോണ്‍ഗ്രസിന്‍റെ സ്വന്തം മണ്ഡലമായിരുന്നു മുംബൈ നോര്‍ത്ത്. 1957-ലും 1962 ലും മലയാളിയായ വികെ കൃഷ്ണമേനോന്‍ വിജയിച്ച മണ്ഡലം കൂടിയാണിത്. 2014-ലെ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് ഗോപാല്‍ ഷെട്ടി നാലര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടം പിടിച്ചെടുത്തത്.
Post Your Comments