ന്യൂഡല്‍ഹി : റഫാല്‍ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ മനഃപൂര്‍വം തെറ്റിധരിപ്പിച്ചെന്നും തട്ടിപ്പുകളുടെ മൊത്തക്കച്ചവടമായിരുന്നു അതെന്നും ഹര്‍ജിക്കാര്‍ സുപ്രീംകോടതിയില്‍. റഫാല്‍ ഇടപാട് ശരിവെച്ചതിനെതിരെ പുനഃപരിശോധനാ ഹര്‍ജി നല്കിയ അഡ്വ. പ്രശാന്ത് ഭൂഷണ്, മുന്‍ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ഷോരി എന്നിവര്‍ സുപ്രീം കോടതിയില്‍ എഴുതി നല്കിയ വാദങ്ങളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
പുനഃപരിശോധനാ ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റിവെച്ച സുപ്രീംകോടതി, വാദമുഖങ്ങള്‍ എഴുതി നല്കാന് കക്ഷികള്‍ക്ക് അനുമതി നല്‍കിയിരുന്നു. കേസില്‍ വാദം നടക്കുമ്പോള്‍ സുപ്രധാന വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റിവെച്ചതായി ഹര്‍ജിക്കാര്‍ ബുധനാഴ്ച സമര്‍പ്പിച്ച് വാദങ്ങളില്‍ പറഞ്ഞു. ഏതെങ്കിലും വസ്തുതയോ രേഖയോ അബദ്ധത്തില്‍ കോടതിയില്‍ പറയാന്‍ വിട്ടു പോകാം. എന്നാല്‍ യാഥാര്‍ഥ്യങ്ങള്‍ മറച്ചുവെച്ചുകൊണ്ട് അസത്യങ്ങളുടെ പരമ്പരയാണ് കോടതിക്കു മുമ്പാകെ സര്‍ക്കാര്‍ അവതരിപ്പിച്ചത്. സുപ്രീം കോടതിയെ തെറ്റിധരിപ്പിച്ചവര്‍ക്കെതിരെ കടുത്ത നടപടി എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ സമര്‍പ്പിച്ച കുറിപ്പുകളില്‍ വിശ്വാസം രേഖപ്പെടുത്തികൊണ്ടാണ് കോടതി നിഗമനത്തിലെത്തിയത്. കോടതി തങ്ങളിലര്‍പ്പിച്ച വിശ്വാസമാണ് സര്‍ക്കാര്‍ ദുരുപയോഗംചെയ്തത്. വസ്തുതകള്‍ മറച്ചുവെച്ച് കൊണ്ടുള്ള തട്ടിപ്പുകളുടെ മൊത്തക്കച്ചവടം നടത്തുകയായിരുന്നു. ഈ തട്ടിപ്പു നടത്തിയാണ് സര്‍ക്കാര്‍ അനുകൂല വിധി സമ്പാദിച്ചതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. കോടതിയില്‍ നിന്ന് തെളിവുകള്‍ മറച്ചുവെച്ചത് പ്രധമദൃഷ്ട്യാ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ട കുറ്റമാണെന്നും പ്രശാന്ത് ഭൂഷണ് നേരത്തേ വാദിച്ചിരുന്നു. എന്നാല്‍ ഹര്‍ജിക്കാരുടെ വാദങ്ങളെ കേന്ദ്രത്തിനുവേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ശക്തമായെതിര്ക്കുകയായിരുന്നു.
Post Your Comments