ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ തൂത്തെറിയപ്പെട്ട് ഇടതുപക്ഷം. ബംഗാളിലും ത്രിപുരയിലും ഒരു സീറ്റ് പോലും നേടാൻ കഴിയില്ലെന്ന് ഉറപ്പായപ്പോൾ കേരളത്തിലും തകർന്നടിഞ്ഞു. തമിഴ്നാട്ടിൽ ഡിഎംകെ കോൺഗ്രസ് സഖ്യത്തിന്റെ പിന്തുണയോടെ രണ്ട് സീറ്റിൽ സിപിഐയും രണ്ട് സീറ്റിൽ സിപിഎമ്മും ലീഡ് ചെയ്യുന്നു എന്നത് മാത്രമാണ് ആശ്വാസം. കേരളത്തിൽ ആലപ്പുഴയിൽ സിപിഎം സ്ഥാനാർത്ഥി നേരിയ ലീഡിൽ തുടരുന്നുണ്ടെങ്കിലും ജയിക്കുമെന്ന് ഉറപ്പിക്കാനായിട്ടില്ല.
2014 ൽ ത്രിപുരയിൽ 64 ശതമാനം വോട്ടും രണ്ട് സീറ്റുകളും പിടിച്ച സിപിഎം ഇക്കുറി രണ്ട് സീറ്റുകളിലും ബഹുദൂരം പിറകിലാണെന്നു മാത്രമല്ല മൂന്നാം സ്ഥാനത്തുമാണ്. രണ്ട് മണ്ഡലങ്ങളിലും ബിജെപി ഒരു ലക്ഷത്തിൽ കൂടുതൽ വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്.പശ്ചിമബംഗാളിലും സ്ഥിതി വ്യത്യസ്തമല്ല. 2014 ൽ പോളിറ്റ് ബ്യൂറോ മെംബർ കൂടിയായ മൊഹമ്മദ് സലിം വിജയിച്ച റായ്ഗഞ്ചിൽ ബിജെപിയാണ് ലീഡ് ചെയ്യുന്നത്.സിറ്റിംഗ് എം.പിയായ സലിം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടെന്ന് മാത്രമല്ല. ബിജെപിയെക്കാൾ ഒരു ലക്ഷത്തോളം വോട്ടിനു നിലവിൽ പിന്നിലാണ്.
ബിജെപിക്ക് പിറകിൽ നാലാം സ്ഥാനത്താണ് സിപിഎം സ്ഥാനാർത്ഥിയും സിറ്റിംഗ് എം.പിയുമായ ബദറുദോസ ഖാൻ.കേരളത്തിൽ 2014 ൽ അഞ്ച് സീറ്റുകളിലായിരുന്നു സിപിഎം സ്ഥാനാർത്ഥികൾ ജയിച്ചത്. രണ്ട് ഇടത് സ്വതന്ത്രന്മാരും വിജയിച്ചു. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ നിലവിൽ ഒരു സീറ്റിൽ മാത്രമാണ് സിപിഎം മുന്നിൽ നിൽക്കുന്നത്. ആലപ്പുഴയിൽ എ.എം ആരിഫ് മാത്രമാണ് സിപിഎമ്മിന് ആശ്വാസമേകുന്നത്. ശബരിമലയിൽ ആചാര ലംഘനം നടത്താനുള്ള സർക്കാർ നയം തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ നിലതെറ്റിച്ചുവെന്നാണ് നിഗമനം.
തമിഴ്നാട്ടിൽ ഡിഎംകെ – കോൺഗ്രസ് സഖ്യത്തിൽ ചേർന്ന് നിന്നത് ആശ്വാസമായി. നിലവിൽ രണ്ട് സീറ്റുകളിൽ ലീഡ് ചെയ്യാൻ സിപിഎമ്മിനു കഴിഞ്ഞു. എങ്കിലും നേരത്തെ ഉണ്ടായിരുന്ന ഒൻപതിൽ നിന്ന് മൂന്നിലേക്ക് ഒതുങ്ങുന്ന അവസ്ഥയിലാണ് പാർട്ടി.സിപിഐയുടെ അവസ്ഥയും ആശാവഹമല്ല. കേരളത്തിൽ ഉണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെടുമെന്ന് ഉറപ്പാണ്. തമിഴ്നാട്ടിൽ രണ്ട് സീറ്റുകളിൽ നിലവിൽ ലീഡ് ചെയ്യുന്നു എന്നതാണ് താത്കാലിക ആശ്വാസം നൽകുന്നത്.
Post Your Comments