തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റു വാങ്ങേണ്ടി വന്ന വൻ തോൽവിയുടെ കാരണങ്ങൾ പരിശോധിക്കാൻ നാളെ ഇടതു പാർട്ടികളുടെ സംസ്ഥാന തല യോഗങ്ങൾ ചേരും.
എ കെ ജി സെന്ററിൽ രാവിലെ പത്തരയ്ക്ക് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും. സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് പാർട്ടി ആസ്ഥാനമായ എം എൻ സെന്ററിലും ചേരും.ഫലം സംബന്ധിച്ചുള്ള പ്രാഥമിക വിലയിരുത്തൽ മാത്രമാണ് നാളത്തെ യോഗത്തിൽ നടക്കുക.
നാളെത്തെ യോഗത്തിന് ശേഷം താഴെത്തട്ടിലേക്കടക്കം വിശദമായ പരിശോധനകളിലേക്ക് ഇരുപാർട്ടികളും കടക്കാൻ സാധ്യത ഉണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഉണ്ടായ പരാജയം പ്രതീക്ഷിച്ചതായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ പൊതുവിൽ കേന്ദ്രം ഭരിക്കുന്ന കക്ഷിക്കെതിരായിട്ടുള്ള വികാരം രൂപപ്പെടാറുണ്ട്.
ആ നിലയിൽ കേന്ദ്രം ഭരിക്കുന്ന കക്ഷികള്‍ക്കെതിരായുള്ള വിധിയെഴുത്തും സംസ്ഥാനത്ത് ഉണ്ടാവാറുണ്ട്. കോണ്‍ഗ്രസ്സിനെതിരെയും ഇത്തരത്തിലുള്ള ജനവിധി ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ടെന്ന് പിണറായി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയുടെയും ഇടത് മുന്നണിയുടേയും നയങ്ങളിലോ പരിപാടികളിലോ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്താൻ തയ്യാറാണെന്നും ഇക്കാര്യത്തിൽ വിശദമായി ചര്‍ച്ചകൾ നടത്തുമെന്നും കോടിയേരി പറഞ്ഞു.
Post Your Comments