ദില്ലി: പിതാവ് രാജീവ് ഗാന്ധിയാണ് തന്റെ ഹീറോ എന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 28 മത് ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനിടെയാണ് പ്രിയങ്ക പിതാവിനോടുള്ള തന്റെ ബഹുമാനം വ്യക്തമാക്കിയത്.
രാജാവ് ഗാന്ധിയോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന തന്റെ കുട്ടിക്കാലത്തെ ഫോട്ടോ ഷെയര്‍ ചെയ്ത് ട്വിറ്ററിലൂടെയാണ് പ്രിയങ്ക പിതാവിന്റെ ഓര്‍മ പങ്ക് വയ്ക്കുന്നത്. ഇതൊടൊപ്പം ഹരിവംശ്‌റായ് ബച്ചന്റെ പ്രശസ്തമായ ‘അഗ്‌നിപഥ്’ എന്ന കവിതയില്‍ നിന്നുള്ള ചില വരികളും ചേര്‍ത്ത് താങ്കള്‍ എപ്പോഴും എന്റെ ഹീറോ ആയിരിക്കുമെന്നാണ് പ്രിയങ്ക കുറിച്ചിരിക്കുന്നത്.
യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, പ്രിയങ്ക എന്നിവരം രാജീവിന്റെ സമാധിസ്ഥലമായ വീര്‍ഭൂമിയിലെത്തി അദ്ദേഹത്തിന് ആദരം അര്‍പ്പിച്ചു. പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും ഗാന്ധി കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും മുന്‍ പ്രധാനമന്ത്രിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
1944 ആഗസ്ത് 20 നായിരുന്നു രാജീവ് ഗാന്ധിയുടെ ജനനം. നാല് തവണ ഉത്തര്‍പ്രദേശിലെ അമേത്തി മണ്ഡലത്തില്‍ നിന്ന് വിജയിച്ച് അദ്ദേഹം പാര്‍ലമെന്റിലത്തി. 1984 മുതല്‍ 1989 വരെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ ഭാരത രത്‌ന നല്‍കി രാഷ്ട്രം
ആദരിച്ചിരുന്നു. 1991 മേയ് 21-ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് തമിഴ് പുലികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടത്.
Post Your Comments