ആലപ്പുഴ: സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ചവിട്ടുനാടക പാരമ്പര്യ മ്യൂസിയത്തില്‍ രോഗശാന്തി ശുശ്രൂഷയും, പത്രക്കടലാസ് അഭിഷ്ടകാര്യലബ്ധിയുടെ പേരില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും വിവാദമാകുന്നു. കലവൂരില്‍ ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന കൃപാസനത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്കിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എം. ഗോപകുമാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അതിരൂക്ഷ വിമര്‍ശനമുയര്‍ത്തി.
ഇടതുവലതു സര്‍ക്കാരുകള്‍ ചവിട്ടുനാടകം അടക്കമുള്ള തീരദേശ പാരമ്ബര്യകലകളുടെ സംരക്ഷണത്തിനും പരിപോഷണത്തിനുമെന്ന പേരില്‍ ലക്ഷക്കണക്കിന് രൂപയാണ് സ്ഥാപനത്തിന് അനുവദിച്ചത്. എന്നാല്‍ ഇപ്പോള്‍ അവിടം കേന്ദ്രീകരിച്ച് ആത്മീയ കച്ചവടമാണെന്ന വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ധനമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗത്തിന്റെ വിമര്‍ശനം.കൃപാസനം ആത്മീയ കേന്ദ്രത്തില്‍ ഏകദിന ശുശ്രൂഷകള്‍ ആരംഭിക്കുന്നത് 2001ലാണ്. എല്ലാ മാസത്തിലെയും രണ്ടാമത്തെ ചൊവ്വാഴ്ചകളില്‍ നടക്കുന്ന അക്രൈസ്തവ സമാശ്വാസ കൂട്ടായ്മയ്ക്കെതിരെ വ്യാപക ആക്ഷേപങ്ങളും ഉയരുന്നു. മതപരിവര്‍ത്തന ശ്രമങ്ങളാണ് ഇതിന്റെ മറവിലെന്നാണ് ആരോപണം.
കൃപാസനത്തില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന പത്രത്തിനെതിരെയും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയുരുന്നുണ്ട്. കൃപാസനം കൊണ്ട് പൊതിഞ്ഞപ്പോള്‍ പൊട്ടിയ അസ്ഥി കൂടിച്ചേര്‍ന്നുവെന്നും, ഡെങ്കിപ്പനി ബാധിച്ച മകള്‍ക്ക് കൃപാസനം പത്രത്തില്‍ കിടത്തിയപ്പോള്‍ രോഗശാന്തി ലഭിച്ചുവെന്നും മറ്റുമുള്ള പ്രചരണങ്ങളാണ് വിമര്‍ശനത്തിനിടയാക്കുന്നത്. മന്ത്രിമാരും, ജനപ്രതിനിധികളും അടക്കം സന്ദര്‍ശിക്കുന്ന ഇവിടത്തെ പ്രവര്‍ത്തനങ്ങളെ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് തന്നെ വിമര്‍ശിച്ചത് ചര്‍ച്ചയായി.
ഗോപകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ മുഴുവന്‍ രൂപം:
”കൃപാസനത്തിലെ ജോസഫ് എന്നു പേരായ പുരോഹിതനെ വളരെ നേരത്തെ പരിചയമുണ്ട്. തീരദേശ നസ്രാണി സാംസ്കാരിക പാരമ്പര്യത്തിന്റെ ഭാഗമായ ചേതോഹരമായ ഒരു കലാരൂപത്തെ സംരക്ഷിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തുന്ന വ്യക്തി എന്ന തരത്തിലാണ് പരിചയപ്പെട്ടത്. ചവിട്ടുനാടകം എന്ന കളര്‍ഫുളായ തീയറ്ററിനെ സംരക്ഷിക്കാന്‍ എടുക്കുന്ന എഫര്‍ട്ടില്‍ മതിപ്പു തോന്നിയിട്ടുമുണ്ട്.
ഇന്ന് ഫാ. ജോസഫ് പുകള്‍പെറ്റ അന്ധവിശ്വാസ വിതരണക്കാരനായി മാറിയിരിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. പത്രക്കീറില്‍ പൊതിഞ്ഞ പരിഹാര വിതരണമാണ് വിദ്യ. രോഗശാന്തിയും ഉദ്ദിഷ്ടകാര്യസിദ്ധിയും എല്ലാം ഉള്‍ക്കൊള്ളുന്ന ലക്ഷണമൊത്ത മാജിക്കല്‍ റെമഡി ശാലയായി കൃപാസനം മാറിയിരിക്കുന്നു. ചവിട്ടുനാടക പാരമ്പര്യ മ്യൂസിയം സര്‍ക്കാര്‍ സഹായത്തോടെ നിലവില്‍ വന്നതാണെന്നതാണ് ഓര്‍മ്മ. നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ (മാജിക്കല്‍ റെമഡി)ക്ക് അവിടം വേദിയായിക്കൂട.
പത്രത്തില്‍ പൊതിഞ്ഞ സകലരോഗ സംഹാര സിദ്ധിക്കും അഭീഷ്ട കാര്യലബ്ധിക്കും ഈശ്വരാരാധനയുമായോ ആരാധനാ സ്വാതന്ത്ര്യവുമായോ പുലബന്ധമുണ്ടെന്നു കരുതുന്നില്ല. പള്ളിക്കൂടവും ആതുരാലയവും നടത്തിയും ആധുനിക ജീവിത വ്യവഹാര രീതികള്‍ പരിചയപ്പെടുത്തിയും ആരാധനാ വഴികള്‍ തീര്‍ത്തും മനുഷ്യര്‍ക്ക് സമാധാനവും ആശ്വാസവും പകര്‍ന്ന മിഷനറി പാരമ്പര്യത്തില്‍ നിന്നും ഒരുപാട് നേട്ടങ്ങള്‍ ഉണ്ടായ സമൂഹമാണിത് എന്നതോര്‍ക്കണം. അവിടെ വലിയ അപകടമായി വളരുകയാണ് ഇവ.”
Post Your Comments