അങ്കമാലി : സിറോമലബാര്‍ സഭയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസില്‍ ഫാ.പോള്‍ തേലക്കാടനും ഫാ. ടോണി കല്ലൂക്കാരനും ഗൂഢാലോചന നടത്തിയതായ് മൊഴി. വൈദികരുടെ നിര്‍ദേശം മൂന്നാം പ്രതി ആദിത്യന്‍ അനുസരിച്ചു. ആദിത്യന്റെ കസ്റ്റഡി അപേക്ഷയിലാണ് ഗൂഡാലോചന ചൂണ്ടിക്കാട്ടുന്നത്.
ഫാദര്‍ കല്ലൂക്കാരന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് വ്യാജരേഖ ഉണ്ടാക്കിയതെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. വ്യാജരേഖ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത ആദിത്യന്‍ ,ഫാദര്‍ ടോണി കല്ലൂക്കാരന് കേസില്‍ പങ്കുള്ളതായി പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഫാദര്‍ ടോണി കല്ലൂക്കാരന്റെ പള്ളി ഓഫീസില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ മുരിങ്ങൂര്‍ സാന്റോസ് നഗര്‍ പള്ളി വികാരി ഫാദര്‍ ടോണി കല്ലൂക്കാരന്‍ പറഞ്ഞിട്ടാണ് എറണാകുളം കോതുരുത്ത് സ്വദേശി ആദിത്യന്‍ വ്യാജ രേഖ നിര്‍മ്മിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. എന്നാല്‍ പൊലീസ് അന്വേഷണം ശരിയായദിശയില്‍ അല്ലെന്ന് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മാനത്തോടത്ത് ആരോപിക്കുന്നു. സ്വകാര്യ സ്ഥാപനത്തിലെ സെര്‍വ്വറിലെ സ്‌ക്രീന്‍ ഷോട്ട് കൃത്രിമമല്ല. എന്നാല്‍ കര്‍ദ്ദിനാളിനും,ബിഷപ്പുമാര്‍ക്കും നിക്ഷേപമുണ്ടെന്ന് പറയുന്ന രേഖയിലെ വസ്തുതകളില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും അദ്ദേഹം പറയുന്നു.
Post Your Comments