കാസര്‍കോട് : പെരിയ ഇരട്ടക്കൊലക്കേസിലെ കുറ്റവാളികള്‍ക്കു രക്ഷപ്പെടാന്‍ പഴുതുകള്‍ ഒളിപ്പിച്ച കുറ്റപത്രമാണു ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചതെന്നു ആരോപണം. രാഷ്ട്രീയ കൊലപാതകം അല്ലെന്നു വരുത്തിത്തീര്‍ക്കാനായി ഇടപെടലുകള്‍ നടന്നിട്ടുണ്ട്. എഫ്‌ഐആറില്‍ രാഷ്ട്രീയ കൊലപാതകം എന്നു വ്യക്തമായി എഴുതിയതാണു 3 മാസമാകുമ്പോള്‍ രാഷ്ട്രീയനേതാക്കള്‍ പങ്കെടുത്ത കൊലപാതകം’ എന്ന രീതിയില്‍ നിസ്സാരവല്‍ക്കരിച്ചിരിക്കുന്നത്.
മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ നടന്ന കൊലപാതകമെന്നാണു കുറ്റപത്രത്തിലുള്ളത്. മുമ്പ് കല്യോട്ട് നടന്ന രാഷ്ട്രീയ സംഘര്‍ഷത്തില്‍ ഒന്നാം പ്രതി പീതാംബരനു മര്‍ദനമേറ്റിരുന്നു. ഇതിനു മറുപടിയാണു കൊലപാതകമെന്നാണു വിശദീകരണം. പീതാംബരന്‍ പറഞ്ഞതനുസരിച്ച് 2 മുതല്‍ 8 വരെയുള്ള പ്രതികള്‍ കൂടി ചേര്‍ന്നാണു കൊല നടത്തിയത്. 1 മുതല്‍ 8 വരെയുള്ള പ്രതികളാണു കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കാളികളായത്. കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
കോടതി സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതിനു മുമ്പു മുഴുവന്‍ പ്രതികളെയും പിടികൂടിയത് പിന്നീടു രക്ഷപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രണ്ടു ദിവസം മുമ്പു മാത്രമാണു തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന കേസില്‍ സിപിഎം ഉദുമ ഏരിയ സെക്രട്ടറി കെ.മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്‍ എന്നിവര്‍ അറസ്റ്റിലായത്.
തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യരുതെന്ന ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശമുണ്ടെന്ന കാര്യവും ചര്‍ച്ചയായിരുന്നു. സാഹചര്യ തെളിവുകള്‍ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയില്ലെന്ന സൂചനയും ഇതിനകം പുറത്തു വന്നു. പ്രതികളെ സംരക്ഷിക്കാന്‍ പൊലീസ് മെല്ലെപ്പോക്ക് നടത്തുന്നെന്ന പരാതിയും ശക്തമാണ്.
Post Your Comments