ന്യൂഡൽഹി: വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്താൻ കൂടുതൽ വിവി പാറ്റ് രസീതുകൾ എണ്ണണമെന്ന് പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഇതിനു മുന്നോടിയായി ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ പ്രതിപക്ഷ കക്ഷികള്‍ യോഗം ചേര്‍ന്നു.
എക്സിറ്റ് പോൾ ഫലങ്ങളിൽ എൻ ഡി എ വീണ്ടും അധികാരത്തിൽ വരുമെന്ന സൂചനകൾ ഉണ്ടായതിനെ തുടർന്നാണ് പ്രതിപക്ഷ കക്ഷികൾ അടിയന്തിരമായി യോഗം ചേർന്നത്. ഇത്തരം ഫലസൂചനകൾ ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിന്റെ സൂചനയാണെന്നാണ് ഇവർ പറയുന്നത്.
പ്രതിപക്ഷ കക്ഷികള്‍ ജാഥയായി തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലേക്ക് പോകാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും സുരക്ഷാപ്രശ്നം കാരണം പിന്നീട് അത് ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് ജാഥ ഇല്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലെത്തി പ്രതിപക്ഷനേതാക്കള്‍ പരാതി നല്കി.
ഓരോ നിയോജക മണ്ഡലത്തിലെയും 5 ബൂത്തുകളിലെ വിവിപാറ്റ് പരിശോധിക്കണമെന്ന കോടതി ഉത്തരവ് നടപ്പിലാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറെടുക്കുന്നത്. എന്നാൽ സുതാര്യത ഉറപ്പ് വരുത്താൻ ഒരു നിയോജക മണ്ഡലത്തിലെ മുഴുവൻ വിവി പാറ്റുകളും പരിശോധിക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം.
പ്രധാന കക്ഷികളുടെയെല്ലാം നേതാക്കൾ യോഗത്തിനെത്തി. എന്നാൽ കർണ്ണാടക മുഖ്യമന്ത്രി കുമാര സ്വാമിയുടെ അഭാവം യോഗത്തിൽ നിഴലിച്ചു. കോൺഗ്രസുമായി ജെഡിഎസ് അകലുന്നതിന്റെ സൂചനയാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
Post Your Comments