മുൻ വർഷങ്ങളിലും ഈ വർഷം ആദ്യവും നിരന്തരമുണ്ടായ ഭീകരാക്രമണങ്ങളുടേയും സൈനിക നടപടികളുടെയും പശ്ചാത്തലത്തിൽ മന്ദഗതിയിലായ കാശ്മീരിലെ വിനോദ സഞ്ചാര മേഖല വീണ്ടും ഉണർവ് നേടുന്നു. ഏപ്രിൽ മാസത്തിൽ 53, 648 പേരും മെയ് മാസത്തിലെ ആദ്യ രണ്ട് ആഴ്ചകളിലായി 31,888 പേരും കാശ്മീർ സന്ദർശിച്ചു.
വരും ദിവസങ്ങളിലും കൂടുതൽ പേർ ഇവിടേക്കെത്തുമെന്ന ആത്മവിശ്വാസത്തിലാണ് സർക്കാർ പ്രതിനിധികളും വ്യാപാരികളും ഹോട്ടൽ ഉടമകളുമെല്ലാം.
കഴിഞ്ഞ വർഷം ഏപ്രിലിൽ 49,147 പേരാണ് കാശ്മീരിൽ എത്തിയിരുന്നത്. മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ടൂറിസം ഡയറക്ടർ നിസാർ അഹമ്മദ് വാനിയാണ് ഈ കണക്കുകൾ പറഞ്ഞത്. സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നായ വിനോദ സഞ്ചാരത്തെ പൂർവ നിലയിലാക്കുവാൻ വലിയ ശ്രമങ്ങളായിരുന്നു സർക്കാർ സ്വീകരിച്ച് പോന്നിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാശ്മീരിന്റെ പ്രത്യേകതകൾ വിവരിക്കുന്ന റോഡ് ഷോകളടക്കം സംഘടിപ്പിച്ചിരുന്നു.
Post Your Comments