Latest NewsIndia

ബിജെപി നീക്കങ്ങള്‍ ശക്തിയാക്കുന്നതിന് മുന്‍പ് തന്നെ ഭരണ കക്ഷി എംഎല്‍എമാര്‍ സഖ്യസര്‍ക്കാരിനെ താഴെയിറക്കും: കർണ്ണാടകയിൽ പൊട്ടിത്തെറി

ബെംഗളൂരു: തിരഞ്ഞെടുപ്പ് എക്സിറ്റ് ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കര്‍ണാടകത്തില്‍ പുകഞ്ഞു കൊണ്ടിരുന്ന അസ്വാരസ്യം പൊട്ടിത്തെറിയിലേക്ക്. സർക്കാരിനെതിരെ ബിജെപി നീക്കങ്ങള്‍ ശക്തിയാക്കുന്നതിന് മുന്‍പ് തന്നെ ഭരണ കക്ഷി എംഎല്‍എമാര്‍ സഖ്യസര്‍ക്കാരിനെ താഴെയിറക്കിയേക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.ദക്ഷിണേന്ത്യയില്‍ ഒരു സംസ്ഥാനത്തും ബിജെപിക്ക് അത്രവലിയ നേട്ടം ഉണ്ടാകാനാവില്ലെന്ന് സര്‍വ്വേകള്‍ പ്രവചിക്കുന്നുണ്ടെങ്കിലും കര്‍ണാടകത്തില്‍ ഏറെ വ്യത്യസ്തമാണ് കാര്യങ്ങള്‍.

ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ മണ്ണില്‍ ഇത്തവണയും ബിജെപി മുന്നേറുമെന്നാണ് സര്‍വ്വേകള്‍ പ്രവചിക്കുന്നത്. ആകെയുള്ള 28 സീറ്റുകളില്‍ 25 വരേയും ബിജെപി തൂത്തുവാരുമെന്നാണ് സര്‍വ്വേകളിലെ പ്രവചനം. ഇതോടെ സഖ്യസര്‍ക്കാര്‍ പ്രതീക്ഷിച്ച രീതിയില്‍ ഫലം കണ്ടില്ലെന്ന നിഗമനമാണ് ഉയരുന്നത്.ഇതോടെ ദള്‍ സഖ്യത്തെ തള്ളി കര്‍ണാടകത്തില്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള സാധ്യതകളാണ് കോണ്‍ഗ്രസ് തേടുന്നത്. എന്നാൽ അവർക്ക് അതിനുള്ള ഭൂരിപക്ഷമില്ല താനും. സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് ചരടുവലികള്‍ സജീവമായിരിക്കുന്നത്.

മുന്‍പ് ബദ്ധവൈരിയായിരുന്ന ദളുമായി ഇപ്പോഴുള്ള സഖ്യത്തില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരുപോലെ അതൃപ്തി ഉണ്ട്. തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ നേതാക്കളില്‍ പലരും ഇത് പരസ്യമായി പ്രകടിപ്പിച്ചിരുന്നു.ലോക്സ തിരഞ്ഞെടുപ്പിലെ പ്രകടനത്തിന്‍റെ ഉത്തരവാദിത്തത്തില്‍ ഇപ്പോഴേ ഇരു കക്ഷികളും പരസ്പരം പഴിചാരി തുടങ്ങിയിട്ടുണ്ട്. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി കാണാണം എന്ന് ആവശ്യപ്പെട്ട് എംഎല്‍എമാര്‍ രംഗത്ത് എത്തി തുടങ്ങി. തിങ്കളാഴ്ച കോപ്പല്‍ എംഎല്‍എ രാഘവേന്ദ്ര ഈ ആവശ്യം ഉയര്‍ത്തി.മുഖ്യമന്ത്രി കുമാരസ്വാമിക്കെതിരേയും എംഎല്‍എമാര്‍ അതൃപ്തി പ്രകടിപ്പിച്ച് കഴിഞ്ഞു.

ഇതോടെ മെയ് 23 ന് വലിയ അട്ടിമറി തന്നെ സംസ്ഥാനത്ത് നടന്നേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി തന്നെ ജെഡിഎസ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണങ്ങളില്‍ നിന്ന് വിട്ട് നിന്നിരുന്നു. പ്രത്യേകിച്ച് വൊക്കലിംഗ വിഭാഗങ്ങള്‍ക്ക് ആധിപത്യമുള്ള മൈസൂരു, മാണ്ഡ്യ, ഹസന്‍, തുംകുരു, ചിക്കബെല്ലാപൂര്‍, ബെംഗളൂരു റൂറല്‍, ചിത്രദുര്‍ഗ എന്നീ ജില്ലകളില്‍. മാണ്ഡ്യയിലും ഹസനിലും ദളിന് വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചരണത്തിന് ഇറങ്ങിയിരുന്നില്ല.

കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ ഏറിയിട്ട് പത്ത് മാസം പൂര്‍ത്തിയായിട്ടില്ല. നേരത്തേ തന്നെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി പംഗത്തെത്തിയിരുന്നു. സിദ്ധരാമയ്യയ്ക്ക് ഒരു അവസരം കൂടി കൊടുക്കണമെന്നായിരുന്നു എംഎല്‍എമാരുടെ ആവശ്യം.സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്നും മുഖ്യമന്ത്രി എന്ന നിലയില്‍ കുമാരസ്വാമി പരാജയമാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. അതേസമയം അവസരം മുതലെടുക്കാനുള്ള സജീവ നീക്കങ്ങള്‍ ബിജെപി അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ തുടങ്ങി കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button