ഉദ്ധംപൂര്‍: ഇന്ത്യ ആദ്യമായി സര്‍ജ്ജിക്കല്‍ നടത്തിയത് സെപ്തംബര്‍ 2016നാണെന്ന സ്ഥിരീകരണവുമായി ഇന്ത്യന്‍ ആര്‍മി നോര്‍ത്തേണ്‍ കമാന്‍ഡിലെ കമാന്‍ഡിംഗ് ഇന്‍ ചീഫ് ലെഫ്.ജന.രണ്‍ബീര്‍ സിംഗ്. യുപിഎ ഭരണകാലത്ത് ആറ് സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടുണ്ടെന്ന കോണ്‍ഗ്രസ് പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ കഴിഞ്ഞ ദിവസം ഒരാള്‍ വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് 2016 സെപ്തംബറിലാണ് രാജ്യത്തെ ആദ്യ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് നടന്നതെന്ന് ഡിജിഎംഒ പറഞ്ഞിരുന്നു.
ജമ്മു കശ്മീരിലെ ഉറിയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കിക്കൊണ്ട് 2016 സെപ്തംബറില്‍ രാജ്യം ആദ്യത്തെ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. 19 ധീരജവാന്മാരാണ് അന്നത്തെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്. ഇതിനുള്ള മറുപടിയായിരുന്നു അന്നത്തെ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കെന്നും രേഖ വ്യക്തമാക്കുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ്(ഡിജിഎംഒ) ആണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടി നല്‍കിയത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ത് പറയുന്നു എന്നതിനെ കുറിച്ച് ഞാന്‍ മറുപടി പറയേണ്ട ആവശ്യമില്ല. സര്‍ക്കാരിന്റെ പക്കല്‍ അതിനുള്ള മറുപടിയുണ്ടാകും. പക്ഷേ എനിക്ക് പറയാനുള്ളത് ഇത്ര മാത്രമാണ്. ആ പ്രസ്താവനയില്‍ എന്തു പറയുന്നുവോ അതാണ് യാഥാര്‍ത്ഥ്യം’ എന്നും ലെഫ്.ജന.സിംഗ് പത്ര സമ്മേളനത്തില്‍ പറഞ്ഞു.മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്ത് ആറ് സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയിട്ടുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ലയുടെ അവകാശ വാദം.
മാത്രമല്ല അടല്‍ ബിഹാരി വാജ്‌പോയി പ്രധാനമന്ത്രിയായിരുന്ന സമയത്തും രണ്ട് സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയിട്ടുണ്ടെന്നും ശുക്ല പറഞ്ഞിരുന്നു. വാജ്‌പേയിയുടെ ഭരണകാലത്ത് 2000 ജനുവരി 21നും, 2003 സെപ്തംബര്‍ 18നും സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്നാണ് ശുക്ല വാദിച്ചത്. യുപിഎ ഭരണകാലത്ത് സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയിട്ടുണ്ടെന്ന് എ.കെ.ആന്റണിയും വാദിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളെ എല്ലാം തള്ളിക്കൊണ്ടാണ് സേനയുടെ ഉന്നത ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയത്.
Post Your Comments