KeralaLatest News

പോസ്റ്റല്‍ വോട്ട് തിരിമറി; ചെന്നിത്തലയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: പൊലീസ് പോസ്റ്റല്‍ വോട്ട് തിരിമറി ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എല്ലാ പോസ്റ്റല്‍ ബാലറ്റ് തിരിമറി ആരോപണങ്ങളിലും സ്വതന്ത്ര അന്വേഷണം നടത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ രമേശ് ചെന്നിത്തലയുടെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും ഐജിയുടെ നേതൃത്വത്തില്‍ ഇതിനകം അന്വേഷണം നടക്കുകയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

പൊലീസുകാര്‍ക്ക് നല്‍കിയ മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും പിന്‍വലിക്കണമെന്നും വീണ്ടും വോട്ടു ചെയ്യാനായി ഹൈക്കോടതി ഇടപെട്ട് സൗകര്യം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പൊലീസിന്റെ പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന് മുന്‍പ് നിലപാടെടുത്ത പൊലീസ് തന്നെ സംഭവത്തിലെ തിരിമറി അന്വേഷിക്കുമ്പോള്‍ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളില്‍ ഇടപെടാന്‍ ഹൈക്കോടതിയ്ക്ക് അനുമതിയില്ലെന്നും, ക്രമക്കേടുണ്ടെങ്കില്‍ തെരഞ്ഞെടുപ്പിന് ശേഷം ഹര്‍ജി നല്‍കാമെന്നുമാണ് കമ്മീഷന്‍ കോടതിയെ അറിയിച്ചത്. തെരഞ്ഞെടുപ്പ് തുടങ്ങിയാല്‍ നടപടി അവസാനിക്കുംവരെ അതില്‍ തടസ്സം ഉണ്ടാക്കാന്‍ പാടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. പോസ്റ്റല്‍ വോട്ടുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് നിയമപരമായി നീങ്ങുന്നത്.

shortlink

Post Your Comments


Back to top button