ആലപ്പുഴ: സംസ്ഥാനത്ത‌് ഇത്തവണ ഏറ്റവും കുറവ‌് വേനല്‍ മഴ ലഭിച്ചത‌് ആലപ്പുഴ ജില്ലയിലെന്ന് റിപ്പോർട്ട്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ നല്ല മഴ ലഭിച്ചപ്പോൾ ആലപ്പുഴയിൽ 89.3 മില്ലി മീറ്റര്‍ മഴയാണ‌് പെയ്‌തത്. പെയ്യേണ്ടിയിരുന്ന മഴയേക്കാള്‍ 69 ശതമാനം കുറവാണിത‌്. അതേസമയം സംസ്ഥാനത്താകെ ഈ വര്‍ഷം വേനല്‍മഴയില്‍ കുറവുണ്ടായി. ആകെ 123.5 മില്ലി മീറ്റര്‍ മഴയാണ‌് ലഭിച്ചത‌്. ലഭിക്കേണ്ടിയിരുന്ന മഴയേക്കാള്‍ 45 ശതമാനം കുറവാണിത‌്. ആലപ്പുഴയ‌്ക്ക‌് പുറമെ കണ്ണൂര്‍, കാസര്‍കോട‌്, കോട്ടയം, കോഴിക്കോട‌്, തിരുവനന്തപുരം ജില്ലകളിലും വേനല്‍മഴയില്‍ വലിയ കുറവുണ്ടായി. വയനാടും പത്തനംതിട്ടയും ഒഴികെയുള്ള ജില്ലകളിലെല്ലാം മഴ കുറഞ്ഞു.
അധികം മഴ ലഭിച്ചത‌് വയനാട്ടിലാണ‌്. സമുദ്രോപരിതല താപനില ഉയരുകയാണെന്ന‌് പഠനങ്ങള്‍ വ്യക്തമാക്കുന്നതായും ഇത് മഴയുടെ കുറവ് മൂലമാണെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം സംസ്ഥാന ഡയറക‌്ടറുടെ ചുമതല വഹിക്കുന്ന ഡോ. വി കെ മിനി പറഞ്ഞു. മെയ‌് അവസാനത്തോടെ കുടുതല്‍ മഴ ലഭിക്കുമെന്ന‌് പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
Post Your Comments