ലണ്ടന്‍•യൂറോപ്പ്യൻ പാർലമെൻറ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ തീവ്ര ദേശീയ പാർട്ടികൾക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. മെയ് 23 നാണു യൂറോപ്യൻ യൂണിയൻറെ പ്രധാന ഘടകങ്ങളിലൊന്നായ യൂറോപ്പ്യൻ പാർലമെന്റിലേക്ക് തെരഞ്ഞെടുപ്പ് ആരംഭിക്കുക. യൂണിയനിൽ അംഗങ്ങളായ ഓരോ രാജ്യത്തിനും ജനസംഖ്യാനുപാതികമായ പ്രതിനിധികളാണ് പാർലമെന്റിലുള്ളത്. ഈ അംഗങ്ങളെയാണ് ഓരോ രാജ്യത്തെയും പൗരന്മാർ ചേർന്ന് മെയ് 23 മുതൽ 26 വരെ നടക്കുന്ന തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്. തീവ്ര വലതുപക്ഷ കക്ഷികളെ ഈ സമിതിയിലേക്ക് തെരഞ്ഞെടുത്തത് അയക്കരുതെന്ന ആഹ്വാനവുമായാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയിരിക്കുന്നത്.
തീവ്ര ദേശിയവാദവും അഭയാർത്ഥി വിരുദ്ധതയും മുഖമുദ്രയാക്കിയ ഇത്തരം പാർട്ടികൾ പൊതുസമൂഹത്തിനു ആപത്താണെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം. അടുത്തിടെ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ ഇത്തരം ഫാർ റൈറ്റ് കക്ഷികൾ അധികാരത്തിൽ എത്തിയിരുന്നു. എന്നാൽ കടുത്ത വിഭാഗീയ- വംശീയ നിലപാടുകളാണ് ഇവർ കൈക്കൊള്ളുന്നത്. അഭയാർത്ഥി പുനരധിവാസത്തിനെതിരെയും ക്രൂരമായ നിലപാടുകൾ ഇവർ കൈക്കൊള്ളുന്നു. ഇത്തരം ആശയക്കാർ യൂറോപ്യൻ യൂണിയന്റെ തലപ്പത്തെത്തിയാൽ ഉണ്ടാകാവുന്ന ആപത്തിനെ സമരക്കാർ ചൂണ്ടി കാണിക്കുന്നു. യൂറോപ്പിനെ ആകെ വംശീയ വിദ്വേഷങ്ങളുടെയും വെറുപ്പിന്റെയും ഇടമാക്കി ഇക്കൂട്ടർ മാറ്റുമെന്നും വെറുപ്പിന്റെ രാഷ്ട്രീയമല്ല പകരം ഒന്നിച്ച് നിൽക്കുന്ന യൂറോപ്പിനെയാണ് തങ്ങൾക്ക് ആവശ്യമെന്നും സമരാനുകൂലികൾ പറയുന്നു. ജർമനിയിലെ മ്യൂണിച്ച്, ബെർലിൻ,ഫ്രാങ്ക് ഫർട്ട് തുടങ്ങിയ നഗരങ്ങളിൽ വൻ ജനാവലിയാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. മറ്റ് യൂറോപ്യൻ നഗരങ്ങളിലേക്കും പ്രതിഷേധ പ്രകടങ്ങൾ വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്.
യൂറോപ്യൻ യൂണിയന്റെ നിയമ നിർമാണ പ്രവർത്തനങ്ങളിലോ ബഡ്‌ജറ്റ് കാര്യങ്ങളിലോ ഇടപെടാൻ പാർലമെന്റ് അംഗങ്ങൾക്ക് അവകാശമില്ലെങ്കിലും യൂണിയൻ രൂപം കൊടുക്കുന്ന നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിനു ഈ സമിതി അംഗങ്ങളുടെ അനുമതി വേണം.
Post Your Comments