കൊല്ലം : സെമിത്തേരി തര്‍ക്കം , ഒരാഴ്ചയായിട്ടും മൃതദ്ദേഹം സംസ്‌ക്കരിക്കാനായില്ല. തുരുത്തിക്കരയില്‍ മരിച്ച വയോധികയുടെ മൃതദേഹത്തിനോടാണ് അനാദരവ്. സെമിത്തേരി തര്‍ക്കം പരിഹരിക്കുന്നതിനായി ഇന്ന് ചേരാനിരുന്ന സര്‍വകക്ഷി യോഗം മാറ്റിവെച്ചു. കുന്നത്തൂര്‍ താലൂക്കോഫീസില്‍ നാളെ രാവിലെ 11 മണിക്കാണ് യോഗം.
തുരുത്തിക്കര ജറുസലേം മാര്‍ത്തോമ്മ പള്ളിയുടെ സെമിത്തേരിയില്‍ മൃതദേഹങ്ങള്‍ മറവുചെയ്യുന്നതിനെ ചൊല്ലിയാണ് തര്‍ക്കം. സെമിത്തേരിയുടെ ഉപയോഗം പ്രദേശത്തെ കുടിവെള്ളം മലിനമാക്കുന്നുവെന്നാരോപിച്ച് ബി.ജെ.പി നേതാവും പ്രദേശവാസികളും കോടതിയെ സമീപിച്ചിരുന്നു. കേസ് കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ കഴിഞ്ഞ നാല് വര്‍ഷമായി തുരുത്തിക്കരയില്‍ തന്നെയുള്ള ഇമ്മാനുവേല്‍ പള്ളിയിലാണ് ജറുസലേം ഇടവകാംഗങ്ങള്‍ മൃതദേഹങ്ങള്‍ മറവുചെയ്യുന്നത്. ഇതിനിടെയാണ് ഇടവകാംഗമായ അന്നമ്മ കഴിഞ്ഞ ചൊവ്വാഴ്ച മരണപ്പെട്ടത്.
കല്ലറ ഒഴിവില്ലാത്തതിനാല്‍ ഇമ്മാനുവേല്‍ പള്ളിയിലും പ്രദേശവാസികള്‍ പ്രതിഷേധിച്ചതിനാല്‍ ജറുസലേം പള്ളി സെമിത്തേരിയിലും അന്നമ്മയുടെ മൃതദേഹം സംസ്‌കരിക്കാനായില്ല. ചുറ്റുമതിലോ കോണ്‍ക്രീറ്റ് കല്ലറയോ നിര്‍മ്മിക്കാത്തതിനാല്‍ ജറുസലേം പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കാനാകില്ലെന്ന് ജില്ലാഭരണകൂടവും നിലപാടെടുത്തു. കഴിഞ്ഞ നാല് വര്‍ഷമായി ഉപയോഗിക്കുന്ന ഇമ്മാനുവേല്‍ പള്ളി സെമിത്തേരിയില്‍ മൃതദേഹം എത്രയുംവേഗം മറവുചെയ്യണമെന്നും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
എന്നാല്‍ ഇമ്മാനുവേല്‍ പള്ളി സെമിത്തേരിയില്‍ കല്ലറയൊഴിവില്ലാത്തതിനാല്‍ ഏഴ് ദിവസമായി മൃതദേഹം ശാസ്താംകോട്ട ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രശ്‌നപരിഹാരത്തിനായി നാളെ രാവിലെ കുന്നത്തൂര്‍ താലൂക്ക് ഓഫീസിലാണ് സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്.
Post Your Comments