പ്രപഞ്ചത്തിന്റെ സൃഷ്ടിയും സ്ഥിതിയും ലയവും നിര്‍വഹിക്കുന്നതു ത്രിമൂര്‍ത്തികളാണെന്നാണ് സങ്കല്പം. ആ ത്രിമൂര്‍ത്തികള്‍ ഓരോരുത്തര്‍ക്കും സ്വന്തം ദൗത്യത്തില്‍ ശക്തിയേകുന്നത് പരാശക്തിയാണെന്ന് ദേവീഭാഗവതം പറയുന്നു. ത്രിമൂര്‍ത്തികളില്‍ ബ്രഹ്മാവിന്റെ ശക്തി സരസ്വതിയാണെങ്കില്‍ മഹാവിഷ്ണുവിന്റെ ശക്തി മഹാലക്ഷ്മിയാണ്. സാക്ഷാല്‍ പരമശിവന്റെ ശക്തി പാര്‍വതിയും. സ്ത്രീത്വത്തിന്റെ ഒരേ ശക്തി തന്നെ അറിവിന്റെ ദേവതയായ സരസ്വതിയായും സൗന്ദര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയായ ലക്ഷ്മിയായും മാറുന്നു. അതേ പരാശക്തിക്ക് തന്നെ മംഗളരൂപിണിയായ ദുര്‍ഗയായും വേണ്ടിവന്നാല്‍ സംഹാരരൂപിണിയായ ഭദ്രകാളിയായും മാറാന്‍ കഴിയും. ദേവി എന്ന സങ്കല്പത്തില് സ്ത്രീത്വത്തിന്റെ ഈ വ്യത്യസ്ത ഭാവങ്ങളെ തന്നെയാണു നവരാത്രിയുടെ ദിനങ്ങളില്‍ ആരാധിക്കുന്നത്.’ത്വമേവ ജഗതഃ സ്ഥിതിനാശകര്ത്രീ’ (ദേവീ, നീ തന്നെയാണു ലോകത്തിന്റെ സൃഷ്ടിസ്ഥിതിനാശത്തിന്റെ നാഥ) എന്നു ദേവന്മാര് പോലും പറയുന്നു, ദേവീഭാഗവതത്തില്‍.സ്ത്രീത്വത്തിന്റെ ഭാവങ്ങള്‍ ആരാധിക്കപ്പെടാനുള്ളതാണ്, അവമതിക്കപ്പെടാനുള്ളതല്ല എന്നാണു നവരാത്രി നമുക്കു നല്കുന്ന സന്ദേശം.
Post Your Comments