KeralaLatest News

യാക്കോബായ സഭയിലെ ആഭ്യന്തര കലഹത്തിന് പിന്നാലെ കോട്ടയം ഭദ്രാസനത്തിലും പൊട്ടിത്തെറി : ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീമോത്തിയോസ് പ്രതിസന്ധിയില്‍

കോട്ടയം: ക്രൈസ്തവസഭകളില്‍ അഴിമതി ആരോപണങ്ങളും ആഭ്യന്തര കലഹങ്ങളും ശക്തമാകുന്നു. യാക്കോബായ സഭയിലെ ആഭ്യന്തര കലഹത്തിന് പിന്നാലെ കോട്ടയം ഭദ്രാസനത്തിലും പൊട്ടിത്തെറി. ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീമോത്തിയോസിനെതിരെ ഗുരുതര ആരോപണവുമായാണ് ഭദ്രാസന സെക്രട്ടറിയും കൗണ്‍സില്‍ അംഗങ്ങളും രംഗത്തെത്തിയിരിക്കുന്നത്. മെത്രാപൊലീത്തയുടെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ലെന്നും അഴിമതികള്‍ പുറത്തു കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സഭാധ്യക്ഷന് പരാതി നല്‍കി.

കോട്ടയം ഭദ്രാസനമെത്രാപൊലീത്ത സഭയില്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേടുണ്ടെന്നാണ് പ്രധാന ആരോപണം.

ഭദ്രാസനത്തിന്റെ വരവ് ചെലവുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് മെത്രാപൊലീത്ത ഇഷ്ടാനുസരണം തിരുത്തി, കൗണ്‍സില്‍ അംഗീകരിക്കാതെ വേറെ ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി, വിവാഹ നടത്തിപ്പുകളുമായി ബന്ധപ്പെട്ട് വ്യാജ റസിപ്റ്റുകള്‍ തയ്യാറാക്കി സാമ്പത്തിക അഴിമതി നടത്തി, പള്ളിയിലെ വരുമാനം വ്യക്തികളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു, തുടങ്ങിയവയാണ് പ്രധാന ആരോപണങ്ങള്‍.

മെത്രാപൊലീത്തയുടെ ഭരണത്തില്‍ കീഴില്‍ ഇടുക്കി പുറ്റടിയില്‍ സഭയുടേതായി ഉണ്ടായിരുന്ന കോളേജ് പോലും വ്യക്തികളുടേതായി മാറിയെന്നും പരാതിയില്‍ പറയുന്നു. കൂടാതെ വൈദികര്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്ന മെത്രാപൊലീത്ത ഇഷ്ടമില്ലാത്ത വൈദികര്‍ക്ക് ശമ്പളം നിഷേധിക്കുകയും വെട്ടിക്കുറക്കുകയും ചെയ്യുകയാണ്. വൈദിക സെമിനാരിയില്‍ പഠിക്കാത്തവര്‍ക്ക് പോലും പട്ടം നല്‍കിയെന്നും പരാതിയില്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button