തിരുവനന്തപുരം: പര്‍ദ്ദ ധരിച്ച് എത്തുന്നവരെ വോട്ട് ചെയ്യിക്കരുതെന്ന സിപിഎം നേതാക്കളുടെ പ്രസ്താവന ദുരുദ്ദേശപരവും അപലപനീയവുമാണെന്ന് വിമർശിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഏത് വസ്ത്രം ധരിക്കണമെന്നത് വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്. ആര്‍ക്കും ഇടപെടാനുള്ള അവകാശമില്ല. ന്യൂനപക്ഷ സമുദായങ്ങള്‍ എല്‍ഡിഎഫിനെ പൂര്‍ണ്ണമായും കൈവിട്ടതിന്റെ ജാള്യത മറയ്ക്കുവാൻ വേണ്ടിയാണ് ഇത്തരത്തില്‍ പ്രസ്താവനകള്‍ ഇറക്കിയിരിക്കുന്നത്. തോല്‍വി മുന്നില്‍ കണ്ട് നേതാക്കന്മാരുടെ സമനില തെറ്റിയിരിക്കുന്നു. സംഘപരിവാര്‍ ശക്തികളുടെ ഭാഷയിലാണ് സിപിഎമ്മിലെ പല നേതാക്കളും ഇപ്പോള്‍ സംസാരിക്കുന്നതെന്നും നേതാക്കള്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയുകയാണു വേണ്ടതെന്നും ചെന്നിത്തല വ്യക്തമാക്കി.
കള്ളവോട്ടിനായി വസ്ത്രത്തെ ഉപയോഗിക്കാൻ പറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. പോളിംഗ് ബൂത്തിലെത്തുന്നവര്‍ പര്‍ദ ധരിക്കുന്നതിൽ തെറ്റില്ല, എന്നാൽ പോളിംഗ് ഏജന്‍റ് ആവശ്യപ്പെട്ടാൽ മുഖം കാണിക്കാൻ തയ്യാറാകണമെന്നു അദ്ദേഹം പറഞ്ഞു. അതേസമയം മുഖം മറച്ച് വോട്ട് ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് പി കെ ശ്രീമതിയും പറഞ്ഞിരുന്നു.
Post Your Comments