കൊല്ലം : ദളിത് ക്രൈസ്തവ വൃദ്ധയുടെ മൃതശരീരം മറവുചെയ്യാനാകാതെ ആറ് നാള് പിന്നിടുന്നു. കൊല്ലം തുരുത്തിക്കരയിലാണ് സംഭവം. പ്രദേശത്തെ ജലസ്രോതസുകള്‍ മലിനപ്പെടുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് പളളി സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കാന്‍ കോടതി വിലക്കേര്‍പ്പെടുത്തിയത്. ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. തുരുത്തിക്കര ജെറുസലേം മാര്‍ത്തോമാ പള്ളി ഇടവകാംഗമായ അന്നമ്മ കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരണപ്പെട്ടത്. ജലസ്രോതസ് മലിനപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രാദേശിക ബി.ജെ.പി നേതാവും പ്രദേശവാസികളും കേസ് നല്കിയതിനാല് ഇടവകപ്പള്ളി സെമിത്തേരിയില്‍ കഴിഞ്ഞ നാലുവര്‍ഷമായി മൃതദേഹങ്ങള്‍ സംസ്കരിക്കാറില്ല.
തുരുത്തിക്കരയില്‍ തന്നെയുള്ള മാര്‍ത്തോമ്മാ സഭയുടെ മറ്റൊരു പള്ളിയുടെ സെമിത്തേരിയിലായിരുന്നു മൃതദേഹം മറവു ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവിടെയും സംസ്കരിക്കാന്‍ അനുവദിക്കാതെ വന്നതോടെ അന്നമ്മയുടെ കുടുംബം പ്രതിസന്ധിയിലായി. അടക്കാന്‍ ആറടിമണ്ണ് ലഭിക്കാത്തതിനാല്‍ മൃതദേഹം അഞ്ചുദിവസമായി ശാസ്താംകോട്ട ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജലസ്രോതസുകളില്‍ നിന്നും സെമിത്തേരി കൃത്യമായ ദൂരപരിധി പാലിക്കുന്നുണ്ടെന്നും ജലം മലിപ്പെടുന്നില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മൃതദേഹം സംസ്കരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കലക്ടറോട്് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
Post Your Comments