ഓൺലൈൻ വഴി ഭക്ഷണ സാധനങ്ങൾ വാങ്ങിക്കഴിക്കുന്ന രീതി ഇപ്പോൾ കേരളത്തിൽ സർവസാധാരണമാണ്. സൊമാറ്റോ, സ്വിഗ്ഗി, ഊബർ എന്നിങ്ങനെയുള്ള ഡെലിവറി ആപ്പുകളിൽ നിരവധി ചെറുപ്പക്കാർ ജോലിചെയ്യുന്നുമുണ്ട്. മഴയും വെയിലും രാത്രിയും പകലും ഒന്നും വകവെക്കാതെ അവർ ഭക്ഷണങ്ങൾ എത്തിച്ചു കൊടുക്കുന്നു.
ഭക്ഷണ സാധങ്ങൾ ഓർഡർ ചെയ്താൽ പിന്നെ അവരെക്കുറിച്ച് ഓർക്കാറുപോലുമില്ല പലരും. പലപ്പൊഴും ഭക്ഷണം ഓർഡർ ചെയ്യുന്നവർ അവരെപ്പറ്റി മറക്കാറാണ് പതിവ്. എന്നാൽ ഇവിടെ വളരെ മാനുഷിക സ്നേഹത്തിൻ്റെ ഉദാഹരണമായി ഒരു ചാറ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
സൊമാറ്റോ കസ്റ്റമർ കെയറും വിജി എന്ന കസ്റ്റമറും തമ്മിലുള്ള ചാറ്റാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. താൻ ഭക്ഷണം ഓർഡർ ചെയ്തിരുന്നുവെന്നും തൻ്റെ സൊമാറ്റോ വാലറ്റ് ഭക്ഷണവുമായി വരുന്നുണ്ടെന്ന് മാപ്പിൽ കാണിക്കുന്നുണ്ടെന്നും വിജി കസ്റ്റമർ കെയറിനോട് പറയുന്നു. ഒപ്പം, ഇവിടെ നല്ല മഴയാണെന്നും വരുന്ന വഴിയിൽ മഴയാണെങ്കിൽ എവിടെയെങ്കിലും കയറി നിന്നിട്ട് മഴ മാറുമ്പോൾ ഭക്ഷണം കൊണ്ടു വന്നാൽ മതി എന്ന് പറയാൻ കഴിയുമോ എന്നും ചാറ്റിലൂടെ കസ്റ്റമർ ചോദിക്കുന്നു.
താങ്കൾ പറഞ്ഞതു പ്രകാരം വാലറ്റിനോട് മഴ കൊള്ളാതെ മാറി നിൽക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് കസ്റ്റമർ കെയർ അറിയിച്ചു. കസ്റ്റമറുടെ മാനവികതയ്ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് എക്സിക്യൂട്ടിവ് ആ ചാറ്റ് അവസാനിപ്പിക്കുന്നത്.
Post Your Comments