കണ്ണൂര്‍: 7 വര്‍ഷത്തിനിടെ സംസ്ഥാനത്തെ ജയിലുകളിൽ മരിച്ചത് 282 പേരെന്ന് റിപ്പോർട്ടുകൾ. ഇതില്‍ സ്വാഭാവിക മരണങ്ങളും അസ്വാഭാവിക മരണങ്ങളും ഉള്‍പ്പെടും. വിവരാവകാശ കമ്മീഷന്റെ അന്വേഷണത്തിലാണ് ഈ കണക്കുകൾ കണ്ടെത്തിയത്.
മൂന്ന് സെന്‍ട്രല്‍ ജയിലുകളില്‍ മാത്രം 174പേര്‍ ഈ കാലയളവില്‍ മരിച്ചു. ഇതില്‍ ഒരു ആസ്‌ട്രേലിയന്‍ സ്വദേശിയും ഉള്‍പ്പെടും. മരണപ്പെട്ടവരില്‍ 11 പേര്‍ റിമാന്‍ഡ് പ്രതികളാണ്. 2011 മുതല്‍ 2018 വരെ ജില്ലാ ജയിലുകളില്‍ 41പേരും സബ് ജയിലുകളില്‍ 67 തടവുകാരും മരണപ്പെട്ടു. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മാത്രം 88 പേരാണ് മരിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 44 പേരും മരിച്ചു. വിയ്യൂരില്‍ 42 ആണ് മരണം.
ജില്ലാ ജയിലുകളില്‍ കോഴിക്കോടാണ് പട്ടികയില്‍ ഒന്നാമത്. ഇവിടെ ഏഴ് വര്‍ഷത്തിനിടെ 12 പേര്‍ മരിച്ചു. രണ്ടാം സ്ഥാനത്തുള്ള കൊല്ലം ജയിലില്‍ എട്ടുപേരും. എറണാകുളം അഞ്ച്, കോട്ടയം നാല്, തിരുവനന്തപുരം ആറ് എന്നിങ്ങനെയാണ് തുടര്‍പട്ടിക. ഈ കാലയളവില്‍ കാസര്‍കോട്, ഇടുക്കി ജില്ലകളിലെ ജയിലുകളില്‍ ആരും മരിച്ചിട്ടില്ല. വിയ്യൂരിലെ വനിതാ ജയിലില്‍ ഒരാള്‍ മരിച്ചിട്ടുണ്ടെന്നും വിവരാവകാശ രേഖ പറയുന്നു.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ 42 പേര്‍ മരിച്ചപ്പോള്‍ ആശ്രിതര്‍ക്ക് നഷ്ട പരിഹാരമായി അഞ്ച് ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കണ്ണൂര്‍ ജയിലുകളില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷമാണ് നല്‍കിയത്. കോഴിക്കോട്, കോട്ടയം ജില്ലാ ജയിലുകളില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഏഴ് ലക്ഷം രൂപ കൈമാറി. ഇടതു സര്‍ക്കാര്‍ ഭരണത്തിലേറിയ ശേഷം 94 തടവുകാരാണ് മരിച്ചത്. 2018 ഡിസംബര്‍ 31 വരെയുള്ള കണക്കാണിത്.
Post Your Comments