തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കറിക്കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് പോലീസിന് മുമ്പിൽ കീഴടങ്ങി.മുല്ലശ്ശേരി മാടപ്പാട് ആനൂർ വീട്ടിൽ സജീവ് കുമാറിന്റെ ഭാര്യ സ്മിതയാണു (38) ബുധനാഴ്ച രാത്രി പതിനൊന്നരയോടെ കൊല്ലപ്പെട്ടത്. കരകുളം തുടർന്നു നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ ഭർത്താവ് സജീവിനെ (48) അറസ്റ്റ് ചെയ്തു. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും.
കരകുളത്ത് വീടിനു മുന്നിൽ പെൺമക്കൾക്കും ഭർതൃമാതാവിനും മുന്നിൽ വെച്ചാണ് സജീവ് ഭാര്യയെ കൊലപ്പെടുത്തിയത്.നെടുമങ്ങാട്ട് മെഡിക്കൽ സ്റ്റോർ ജീവനക്കാരിയാണു സ്മിത. കൂലിപ്പണിക്കാരനായ സജീവ് മദ്യപിച്ചെത്തി ദിവസവും ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നു പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രിയും വഴക്കുണ്ടായപ്പോൾ സ്മിത അടുത്ത വീട്ടിൽ അഭയം തേടി. രാത്രി തിരിച്ചെത്തിയപ്പോൾ വീടിനു മുന്നിൽ കാത്തുനിന്ന സജീവ് കത്തി കൊണ്ടു വലതു ചെവിക്കു പിന്നിൽ കുത്തുകയായിരുന്നു.
കൊലയ്ക്കു ശേഷം വീടിന്റെ വാതിൽ പുറത്തുനിന്ന് അടച്ചിട്ട സജീവ് സാരി കൊണ്ടു സ്മിതയുടെ ജഡം മൂടി. ഭാര്യയെ കൊലപ്പെടുത്തിയെന്നും കുട്ടികൾ പുറത്തിറങ്ങാതെ ശ്രദ്ധിക്കണമെന്നും അയൽവീട്ടിൽ പറഞ്ഞ ശേഷം ഇയാൾ സ്കൂട്ടറിൽ സ്റ്റേഷനിലെത്തുകയായിരുന്നു.
Post Your Comments