ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ മുന്‍ ഹരിയാന മുഖ്യമന്ത്രിയും ഐഎന്‍എല്‍ഡിയുടെ മുതിര്‍ന്ന നേതാവുമായ ഓം പ്രകാശ് ചൗട്ടാലയുടെ രണ്ട് കോടിയോളം വരുന്ന സ്വത്ത് വകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. നേരത്തെ ചൗട്ടാലയുടെ നാല്‍പ്പത്തിയേഴ് ലക്ഷം രൂപയുടെ വസ്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തിരുന്നു. ഏപ്രില്‍ മാസത്തില്‍ മൂന്ന് കോടി എഴുപത് ലക്ഷം രൂപയുടെ സ്വത്തുക്കളും ഇദ്ദേഹത്തില്‍ നിന്ന് കണ്ടുകെട്ടിയിരുന്നു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ചൗട്ടാലക്കും കൂട്ടാളികള്‍ക്കുമെതിരെ സിബിഐ കേസെടുത്ത് അന്വേഷണമാരംഭിക്കുകയായിരുന്നു. ഓം പ്രകാശ് ചൗട്ടാല, അഭയ് ചൗട്ടാല, അജയ് ചൗട്ടാല തുടങ്ങിയവര്‍ക്കെതിരെ 1998 മുതല്‍ സിബിഐ കേസ് നിലവിലുണ്ടായിരുന്നു. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ ഫാംഹൗസും ഭൂമിയുമാണ് പിടിച്ചെടുത്തത്. കള്ളപ്പണ നിരോധന നിയമപ്രകാരമായിരുന്നു നടപടി.വെളിപ്പെടുത്താത്ത സ്രോതസ്സില്‍ നിന്നുള്ള പണമുപയോഗിച്ച് ചൗട്ടാല ഡല്‍ഹിയില്‍ ധാരാളം വസ്തുക്കള്‍ വാങ്ങിക്കൂട്ടിയിരുന്നു.
ഹരിയാനയിലെ സിര്‍സയില്‍ അദ്ദേഹം ഒരു വീടും പണികഴിപ്പിച്ചിരുന്നു.ചൗട്ടാല വ്യാപകമായ തോതില്‍ കള്ളപ്പണം വെളുപ്പിച്ചതായും സിബിഐ കണ്ടെത്തിയിരുന്നു. 2005ലെയും 2009ലെയും തിരഞ്ഞെടുപ്പുകളില്‍ ചൗട്ടാല നല്‍കിയ സത്യവാങ്മൂലങ്ങളിലെ പൊരുത്തക്കേടുകളും അന്വേഷണത്തിന്റെ പരിധിയില്‍ വന്നിരുന്നു.കേസില്‍ അന്വേഷണം തുടരുകയാണെന്നും ഇനിയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ സാദ്ധ്യതയുണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ അറിയിച്ചു.
Post Your Comments