Latest NewsNattuvartha

എസ്എസ്എല്‍സി പാസായ 6 വിദ്യാര്‍ത്ഥികള്‍ക്ക് ടി സി നൽകാൻ 1 ലക്ഷം ആവശ്യപ്പെട്ടു; സ്കൂളിന് ജില്ലാ ശിശു ക്ഷേമ സമിതി നോട്ടീസ് അയച്ചു.

മലപ്പുറം: 6 വിദ്യാര്‍ത്ഥികള്‍ക്ക് ടി സി നൽകാൻ 1 ലക്ഷം, എസ്എസ്എല്‍സി പാസായ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ടി സി നിഷേധിച്ച സംഭവത്തില്‍ എടക്കരയിലെ ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് ജില്ലാ ശിശു ക്ഷേമ സമിതി നോട്ടീസ് അയച്ചു. ആറ് കുട്ടികൾക്ക് ടിസി നിഷേധിക്കാനുണ്ടായ സാഹചര്യത്തില്‍ രണ്ടാഴ്ചയ്ക്കകം വിശദീകരിക്കണം നല്‍കണമെന്നാണാവശ്യം.

സംഭവത്തിൽ എസ്എസ്എല്‍സി പാസായ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ടിസി നൽകുന്നതിന് ഒരു ലക്ഷത്തിലധികം രൂപയാണ് മലപ്പുറം എടക്കരയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ സ്കൂളില്‍ പ്ലസ് വണ്‍ അഡ്മിഷന് ശ്രമിച്ച ആറ് കുട്ടികളോടാണ് മാനേജ്മെന്‍റ് പണം ആവശ്യപ്പെട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഹയര്‍ സെക്കന്‍ററി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മലപ്പുറം എടക്കര പാലുണ്ടയിലെ ഗുഡ് ഷെപ്പേര്‍ഡ് സ്കൂളിനെതിരെയാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരാതി ഉയര്‍ത്തിയിരിക്കുന്നത്. 23 കുട്ടികളാണ് ഇവിടെനിന്ന് എസ്എസ്എല്‍സി പരീക്ഷ പാസായത്. ഇതില്‍ ആറ് പേരാണ് പ്ലസ് വണ്ണിലേക്ക് മറ്റ് സര്‍ക്കാര്‍ സ്കൂളുകളിലേക്ക് മാറാൻ തീരുമാനിച്ചത്. ഏകജാലക സംവിധാനം വഴി അപേക്ഷ കൊടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ ടിസി വാങ്ങാനായി ഗുഡ് ഷെപ്പേര്‍ഡ് സ്കൂളിലെത്തിയപ്പോഴാണ് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടത്.

അതേ സ്കൂളിൽ പത്ത് വരെ പഠിക്കുന്ന കുട്ടികള്‍ ഹയര്‍ സെക്കന്‍ററിയിലും ഇവിടെ തുടരണമെന്നാണ് നിബന്ധനയെന്ന് സ്കൂള്‍ മാനേജ്മെന്‍റ് പറയുന്നു. രക്ഷിതാക്കള്‍ ഇത് അംഗീകരിച്ചതാണ്. ഹയര്‍ സെക്കന്‍ററിയില്‍ കുട്ടികള്‍ കുറയുന്നത് തങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നുമാണ് മാനേജ്മെന്‍റിന്‍റെ വാദം. രക്ഷിതാക്കള്‍ പരാതി നല്‍കിയാല്‍ പരിശോധിക്കുമെന്ന് ഹയര്‍ സെക്കന്‍ററി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കിയിരുന്നു. ചൈല്‍ഡ് ലൈന് കുട്ടികളും രക്ഷിതാക്കളും നേരത്തെ പരാതി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button