നെയ്യാറ്റിൻകര: ലേഖയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്ന മന്ത്രവാദം ചെയ്തതാണെന്ന് സമ്മതിച്ച് ഭർത്താവ്, നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യചെയ്ത സംഭവത്തിൽ ലേഖയുടെ കുറിപ്പ് തള്ളാതെ ഭർത്താവ് ചന്ദ്രൻ. അമ്മയും ലേഖയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും മരിച്ച ലേഖയുടെ ഭർത്താവ് ചന്ദ്രൻ പൊലീസിന് മൊഴി നല്‍കി. താൻ മന്ത്രവാദം ചെയ്തിട്ടുണ്ടെന്നും ചന്ദ്രൻ മൊഴി നല്‍കി.
ഇതിന് മുൻപ് തന്നെ നേരത്തെ ഭർത്താവും ഭർത്താവിന്‍റെ അമ്മയും മറ്റ് 2 ബന്ധുക്കളുമാണ് മരണത്തിന് കാരണമെന്ന ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. വായ്പ തിരിച്ചടക്കാൻ ഭർത്താവ് ഒന്നും ചെയ്തില്ലെന്നും മാനസികമായി നിരന്തരം പീഡിപ്പിച്ചെന്നും കുറിപ്പിൽ പരാമര്‍ശമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നാലു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
കത്തിൽവിശദമായി പ്രതിപാദിച്ചിരിക്കുന്ന മരിച്ച ലേഖയുടെ ഭർത്താവ് ചന്ദ്രൻ, ചന്ദ്രന്‍റെ അമ്മ കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്തമ്മ, അവരുടെ ഭർത്താവ് കാശിനാഥൻ എന്നിവരാണ് കസ്റ്റഡിയിലായത്. ആത്മഹത്യ നടന്ന വീട് ഇന്നലെ തന്നെ പൊലീസ് സീൽ ചെയ്തിരുന്നു. ഇന്ന് പൊലീസ് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് ലേഖയും വൈഷ്ണവിയും തീകൊളുത്തിയ മുറിയിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. മൂന്ന് പേജുള്ള കത്ത് ഭിത്തിയിൽ ഒട്ടിച്ച നിലയിലായിരുന്നു. കൂടാതെ ചുവരിലും എഴുതിയിരുന്നു.
ലേഖ കടം തീർക്കാൻ വീട് വിൽക്കാൻ ശ്രമിച്ചപ്പോൾ ഭർത്താവ് ചന്ദ്രന്‍റെ അമ്മ കൃഷ്ണമ്മയും ബന്ധു ശാന്തമ്മയും തടസ്സം നിന്നെന്ന് കത്തിൽ പറയുന്നു. സ്ഥലത്ത് ആൽത്തറ ഉള്ളതിനാൽ അവർ നേക്കിക്കോളും എന്നായിരുന്നു നിലപാട്. ബാങ്കിൽ നിന്ന് ജപ്തിക്കുള്ള കത്ത് വന്നിട്ടും, പത്രപരസ്യം കൊടുത്തിട്ടും ഭർത്താവ് ചന്ദ്രൻ അനങ്ങിയില്ല. പകരം കത്ത് ആൽത്തറയിൽ കൊണ്ടുപോയി പൂജിച്ചു. കല്യാണം കഴിച്ച് വന്നതുമുതൽ നിരന്തരപീഡനമായിരുന്നെന്നെന്നും കത്തിൽ ലേഖ ആരോപിക്കുന്നു.
ഭർത്താവ് മന്ത്രവാദി പറയുന്നത് കേട്ട് തന്നെ ഉപദ്രവിക്കുകയും ശകാരിക്കുകയും ഇറങ്ങിപ്പോകാൻ പറയുകയും ചെയ്തിട്ടുണ്ട്. സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവിന്‍റെ അമ്മ വിഷം നൽകി കൊല്ലാൻ ശ്രമിച്ചിട്ടുണ്ട്. വീട്ടിൽ എപ്പോഴും വഴക്കാണ്. നിന്നെയും നിന്‍റെ മോളേയും കൊല്ലുമെന്നും അമ്മ പറഞ്ഞിട്ടുണ്ടെന്നും കത്തിൽ പറയുന്നു. അതേസമയം കത്തിൽ ബാങ്കിനേയോ, ജപ്തിക്കായി കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനേക്കുറിച്ചോ ഒന്നും പറയുന്നില്ല.
Post Your Comments