തിരുവനന്തപുരം•പ്രളയ സമയത്ത് മുന്നൂറോളം പേരെ രക്ഷിച്ച മത്സ്യതൊഴിലാളി പാട്രിക് ഫെർണാണ്ടസിനെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചു. കടലിൽ കുഴഞ്ഞു വീണ പാക്ട്രിക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെ മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ആയ പാട്രിക്കിനെ മന്ത്രി വീട്ടിലെത്തിയാണ് സന്ദർശിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് പാട്രിക് ഫെർണാണ്ടസും സഹോദരൻ ബേസിലും ഔട്ട് ബോർഡ് എൻജിനുള്ള ഫൈബർ വള്ളത്തിൽ തുമ്പയിൽ നിന്നും മത്സ്യബന്ധനത്തിനു പോകവെ പാട്രിക്കിന് പക്ഷാഘാതം ഉണ്ടായത്. കുഴഞ്ഞു വീണതോടെ തല ശക്തിയായി എൻജിനിൽ ഇടിക്കുകയും ചെയ്തു. തുടർന്ന് സമീപത്തുണ്ടായിരുന്ന വള്ളങ്ങൾ പാട്രിക്കിനെ കരയിൽ എത്തിക്കുകയും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കുകയുമായിരുന്നു.
കേരള സർക്കാരിന്റെ ഇടപെടലിൽ നന്ദി പറഞ്ഞ പാട്രിക് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ അടിയന്തര ചികിത്സ ആണ് തന്നെ രക്ഷിച്ചത് എന്നും മറ്റുള്ള സംസ്ഥാനങ്ങളിലെ മെഡിക്കൽ കോളേജ് ആശുപത്രി പോലെ അല്ല നമ്മുടെ ആശുപത്രി എന്നു അദ്ദേഹം കടകംപള്ളിയോട് പറഞ്ഞു.
പാട്രിക്കിനും കുടുംബത്തിനും മന്ത്രി സർക്കാരിന്റെ പിന്തുണയും ഈ അവസരത്തിൽ അറിയിച്ചു. പ്രളയത്തിൽ അനേകം ജീവനുകൾ രക്ഷകനായ ഇദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരം സബ്കളക്ടറും സംഘവും അദ്ദേഹത്തെ നേരിൽ കണ്ട് 50000 രൂപ അടിയന്തിര സഹായവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായവും ഒപ്പം മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നുള്ള സഹായവും ഉറപ്പ് നൽകി.
Post Your Comments