കോഴിക്കോട്: നീലേശ്വരം സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷ എഴുതിയ അധ്യാപകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മുക്കം പോലീസ് കേസെടുത്തു. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അധ്യാപകന്‍ ഉള്‍പ്പെടെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മൂന്ന് പേര്‍ക്കുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹയര്‍ സെക്കന്‍ഡറി വകുപ്പ് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മുക്കം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. റീജണല്‍ ഡെപ്യുട്ടി ഡയറക്ടര്‍ ഗോകുലകൃഷ്ണനാണ് പരാതി നല്‍കിയത്.
പരീക്ഷ ചീഫ് സൂപ്രണ്ടനും നീലേശ്വരം സ്‌കൂള്‍ പ്രിന്‍സിപ്പലുമായ കെ. റസിയ, അഡീഷണല്‍ ഡെപ്യൂട്ടി ചീഫ് നിഷാദ് വി. മുഹമ്മദ്, ചേന്നമംഗലൂര്‍ സ്‌കൂളിലെ അധ്യാപകനും പരീക്ഷാ ഡെപ്യൂട്ടി ചീഫുമായ പി.കെ ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.അധ്യാപകര്‍ നേരത്തെയും ഉത്തരക്കടലാസുകളില്‍ തിരുത്തല്‍ വരുത്തിയതായി സംശയമുണ്ട്. ഇക്കാര്യം കൂടി അന്വേഷിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഉത്തരക്കടലാസുകള്‍ തിരുത്താന്‍ പ്രിന്‍സിപ്പല്‍ കെ. റസിയയും അധ്യാപകന്‍ നിഷാദ് വി. മുഹമ്മദും വ്യക്തമായ ആസൂത്രണം നടത്തിയെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സ്‌കൂളിന്റെ വിജയശതമാനം കൂട്ടാനായി ക്രമക്കേട് കാണിച്ചുവെന്നാണ് വ്യക്തമായിരിക്കുന്നത്.
Post Your Comments