തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ സ്വാശ്രയ മെഡിക്കല്‍ ഫീസ് നിര്‍ണയത്തിനുള്ള സമിതി പുനസംഘടിപ്പിക്കാനുള്ള ബില്‍ നിയമസഭാ സമ്മേളനത്തിലേക്ക് മാറ്റി. നേരത്തേയിത് ഓര്‍ഡിനന്‍സാക്കി ഇറക്കാനായിരുന്നു സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിക്കാത്തതിനാലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.കഴിഞ്ഞ മാര്‍ച്ചില്‍ മന്ത്രിസഭ അംഗീകാരം നല്‍കിയ ഓര്‍ഡിനന്‍സ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ഒപ്പു വച്ചിരുന്നില്ല.
ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിര്‍ണയ സമിതിയുടെ അംഗസംഖ്യ പത്തില്‍ നിന്ന് അഞ്ചും, മേല്‍നോട്ട സമിതിയുടെ എണ്ണം ആറാക്കാനുമാണ് സര്‍ക്കാര്‍ നീക്കം. രണ്ട് മാസത്തിനകം സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് നിര്‍ണയിക്കണമെന്ന് ഫെബ്രുവരുില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ കാലാവധി തീരുന്ന സാഹചര്യത്തില്‍ സാവകാശം തേടി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഫീസ് നിര്‍ണയത്തിനുള്ള സമയം കോടതി നീട്ടിനല്‍കിയാലേ സര്‍ക്കാരിന് ഫീസ് നിശ്ചയിക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ കഴിയൂ. ഓര്‍ഡിനന്‍സ് ഇറങ്ങിയാലുണ്ടാകാവുന്ന ഗുണങ്ങള്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചെങ്കിലും അനുമതി ലഭിച്ചില്ല. ഇതോടെ ഓര്‍ഡിനന്‍സ് ഇറക്കാനുള്ള ശ്രമം ഉപേക്ഷിച്ച സര്‍ക്കാര്‍ ബില്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജൂലൈ മാസത്തില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണം. അതിനാല്‍ വേഗത്തില്‍ ഫീസ് നിര്‍ണയത്തിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ ശ്രമം.
Post Your Comments