നേയ്പിഡോ: മുൻചക്രമില്ലാതെ വിമാനം സുരക്ഷിതമായി പൈലറ്റ് നിലത്തിറക്കി. ക്യാപ്റ്റൻ മിയാത് മോയ് ഓങ് ആണ് മ്യാൻമാറിലെ മണ്ടാലെ വിമാനത്താവളത്തിൽ 89 യാത്രക്കാരുള്ള വിമാനം താഴെയിറക്കിയത്. റൺവേയിൽ ഇറങ്ങാൻനേരം മുൻചക്രങ്ങൾ വിന്യസിക്കാൻ സാധിക്കാതെ വന്നതോടെ മ്യാൻമാർ നാഷണൽ എയർലൈൻസിൻറെ എംപറർ 190 വിമാനമാണ് അപകടത്തെ മുന്നിൽ കണ്ടത്. തുടർന്ന് രണ്ടുതവണ വിമാനത്താവളം വലംവെച്ച് ചക്രം വീഴ്ത്താനാവുമോയെന്ന് ശ്രമിച്ചശേഷം ക്യാപ്റ്റൻ വിമാനം താഴെയിറക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി വിമാനത്തിന്റെ ഭാരം കുറയ്ക്കുന്നതിനായി ആദ്യം ഇന്ധനം കത്തിച്ചുകളഞ്ഞു. തുടർന്ന് വിമാനത്തിന്റെ മൂക്ക് നിലത്തുമുട്ടുന്നതിനുമുമ്പ് പിറകിലെ ചക്രങ്ങളിൽ നിലത്തിറക്കി. 25 സെക്കൻഡ് വിമാനം തെന്നിയെങ്കിലും ഉടനെ പ്രവർത്തനം നിൽക്കുകയും യാത്രക്കാർ സുരക്ഷിതരായി പുറത്തിറങ്ങുകയും ചെയ്‌തു.
Post Your Comments