
കണ്ണൂര്‍: റമദാന്‍ ആദ്യവാരം പിന്നിടുമ്പോള്‍ ജില്ലയില്‍ പഴവിപണി സജീവമാകുന്നു. മാങ്ങ, മുന്തിരി, വത്തക്ക, മുസമ്പി, നേന്ത്രപ്പഴം എന്നിവയ്ക്കാണ് ആവശ്യക്കാര്‍ ഏറെയും. അല്‍ഫോന്‍സ്, ആന്ധ്രാ, നീലഗിരി, വേങ്ങനപള്ളി എന്നിങ്ങനെ വിവിധയിനം മാങ്ങകളുണ്ടെങ്കിലും കുറ്റിയാട്ടൂര്‍ മാങ്ങകള്‍ക്കാണ് ഡിമാന്‍ഡ്.
വിദേശത്ത്‌നിന്നും ഇറക്കുമതിചെയ്ത സിട്രിക് മുസമ്പികളാണ് മാര്‍ക്കറ്റിലെ മറ്റൊരു സാന്നിധ്യം. കിലോയ്ക്ക് 80 രൂപയാണ് വില. വത്തക്കയില്‍ തനിനാടനും വിദേശിയും വിപണിയിലുണ്ട്. കടുത്ത വേനല്‍ ചൂടിലും വത്തക്കയുടെ വിലയില്‍ കാര്യമായ വര്‍ധനയില്ല. പ്രളയം പഴലഭ്യത കുറച്ചിട്ടുണ്ടെങ്കിലും റമദാന്‍ തീന്‍മേശകളില്‍ പ്രാധാന്യമുള്ള നേന്ത്രപ്പഴത്തിന് 47 രൂപയാണ് വില.
നോമ്പുതുറയുടെ പ്രധാന വിഭവമായ ഈത്തപ്പഴത്തിന് 100 മുതല്‍ 2500 രൂപ വരെയാണ് വില. സൗദി, ഒമാന്‍, ഇറാഖ്, ഖത്തര്‍ എന്നിവിടങ്ങളില്‍നിന്നുള്ള മികച്ച ഇനം ഈത്തപ്പഴങ്ങള്‍ വിപണിയിലുണ്ട്. സൗദി ഈത്തപ്പഴങ്ങള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍. ഈത്തപ്പഴത്തിന് പുറമെ കാരക്ക, അത്തിപ്പഴം, അക്രൂട്ട്, ആപ്രിക്കോട്ട് തുടങ്ങി ഡ്രൈഫ്രൂട്ടസുകളും നോമ്പുതുറ വിപണിയില്‍ സജീവമാണ്.
വിദേശ പഴങ്ങളായ ഡ്രാഗണ്‍ ഫ്രൂട്ട്, റംബൂട്ടാന്‍ എന്നിവയ്ക്ക് ആവശ്യക്കാര്‍ ഉണ്ടെങ്കിലും ഇറക്കുമതി തീരുവയിലെ വര്‍ധനയും സീസണ്‍ അല്ലാത്തതും പഴങ്ങളുടെ ലഭ്യത കുറക്കുന്നു. പ്രളയവും, വേനല്‍ മഴയിലെ ഏറ്റക്കുറച്ചിലുകളും, സാമ്പത്തിക പ്രതിസന്ധിയും വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം മാത്രമാണ് ആദ്യവാരത്തെ പഴം വില്‍പനയെന്ന് കച്ചവടക്കാര്‍ പറഞ്ഞു
Post Your Comments