
കൊച്ചി: തീരദേശ നിയന്ത്രണ മേഖലാ (സിആര്‍സെഡ്) ചട്ടം ലംഘിച്ചു കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും അക്കാര്യം മറച്ചുവെച്ച് വില്‍പ്പന നടത്തുകയും ചെയ്യുന്നവരില്‍ നിന്ന് നഷ്ടപരിഹാരവും പിഴയും ഈടാക്കാനുള്ള നിയമം നിര്‍മിക്കേണ്ടത് അത്യാവശ്യമെന്ന് നിയമ വിദഗ്ധര്‍. പൊളിച്ചുനീക്കാന്‍ നിര്‍ദേശിച്ചിട്ടുള്ള ഫ്ലാറ്റുകളുടെ ഉടമകള്‍ക്കു സുപ്രിംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്കാന് ആകുമെങ്കിലും അവര്‍ ഇരയായ വഞ്ചനയ്ക്കു പരിഹാരമല്ല. തീര നിയന്ത്രണ മേഖലാ ചട്ടം ലംഘിച്ചു നിര്‍മിച്ച കെട്ടിടമാണെന്ന കാര്യം ബോധപൂര്‍വം മറച്ചുവച്ചു കെട്ടിടങ്ങള്‍ വില്‍ക്കുന്ന നിര്‍മാതാക്കള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 420 പ്രകാരം ചതിക്കും വഞ്ചനക്കുറ്റത്തിനും കേസെടുക്കാന്‍ കഴിയും. കുറ്റക്കാര്‍ക്ക് 7 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണെങ്കിലും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ വഞ്ചിതരാകുന്നര്ക്ക് അര്‍ഹമായ നഷ്ടപരിഹാരം വിധിക്കാന്‍ കീഴ്ക്കോടതികള്‍ക്കു കഴിയില്ല.
ഇക്കാര്യത്തിലാണ് റിയല്‍ എസ്റ്റേറ്റ് അപ്ലറ്റ് ട്രൈബ്യൂണലിനു കൂടുതല്‍ അധികാരം ലഭിക്കേണ്ട ആവശ്യം ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത്തരം റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ വഞ്ചിതരാകുന്ന ഭൂരിപക്ഷം പേരും വന്‍കിട നിര്‍മാതാക്കള്‍ക്കെതിരെ സുപ്രീംകോടതി വരെയെത്തി നിയമയുദ്ധം നടത്താന്‍ ശേഷിയുള്ളവരല്ല. മരട് നഗരസഭയിലെ ഫ്ലാറ്റ് സമുച്ചയങ്ങളുടെ കാര്യത്തില്‍ തദ്ദേശ സ്ഥാപനം നല്കിയ നിര്‍മാണ അനുമതിപോലും നിയമവിരുദ്ധമാണ് എന്നാണു സുപ്രീം കോടതിയുടെ നിലപാട്. ഏറ്റവും പുതിയ നിയമമായ 2016ലെ ‘റിയല്‍ എസ്റ്റേറ്റ് റഗുലേഷന് ആന്‍ഡ് ഡവലപ്മെന്റ് ആക്ട്’ പ്രകാരം നിയമിക്കപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിക്കും അപ്ലറ്റ് ട്രൈബ്യൂണലിനും ഇത്തരം വഞ്ചനക്കേസുകള്‍ വിചാരണ ചെയ്യാനുള്ള പ്രത്യേക പദവി നല്‍കുകയാണ് തട്ടിപ്പ് ഒരു പരിധിവരെ തടയാനുള്ള പോംവഴി.
കൊച്ചിയിലെ മരട് നഗരസഭയില്‍ തീരമേഖലാ ചട്ടം ലംഘിച്ച ഫ്ലാറ്റ് സമുച്ചയങ്ങള്‍ ഒരു മാസത്തിനകം പൊളിക്കണമെന്ന സുപ്രീം കോടതി വിധിയോടെയാണ് സമാനമായ കേസുകള്‍ ഉയര്‍ന്നുവരുന്നത്. വിധി നടപ്പിലാക്കേണ്ടി വന്നാല്‍ 350 ഫ്ലാറ്റ് ഉടമകളാണ് കനത്ത വില നല്‍കേണ്ടിവരിക. ഇവരെല്ലാം നിയമലംഘനം അറിയാതെ ആയുസ്സിലെ സമ്പാദ്യം മുഴുവന്‍ കെട്ടിട നിര്‍മാതാവിനു നല്കി ഫ്ലാറ്റുകള്‍ സ്വന്തമാക്കിയവരും.തീര നിയമം ലംഘിച്ചു പണിത ഫ്ലാറ്റ് പൊളിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ ഹോളി ഫെയ്ത്ത് എച്ച്ടുഒ അപ്പാര്‍ട്മെന്റിലെ ഫ്ലാറ്റ് ഉടമകള്‍ പുനഃപരിശോധനാ ഹര്‍ജി നല്കാന് തീരുമാനിച്ചു. ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റ് ഉടമകള്‍ ഹര്‍ജി നല്കാന് നേരത്തേ തീരുമാനിച്ചിരുന്നു. വ്യക്തികള്‍ പ്രത്യേകമായാണ് ഹര്‍ജി നല്‍കുക. എച്ച്ടുഒ ഫ്ലാറ്റ് ഉടമകളായ മേജര്‍ രവി, ഷംസുദീന്‍ കരുനാഗപ്പിള്ളി എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിഷയം സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയില്‍ പെടുത്താനും തീരുമാനിച്ചു.
നിയമപ്രകാരമുള്ള നടപടികളിലൂടെയാണ് ഫ്ലാറ്റ് വാങ്ങിയത്. എല്ലാ അനുബന്ധ രേഖകളും അധികൃതര്‍ തന്നിട്ടുള്ളതുമാണ്. 10 വര്‍ഷമായി മരട് നഗരസഭ ഫ്ലാറ്റ് ഉടമകളില്‍നിന്നു കെട്ടിട നികുതി പിരിക്കുന്നു. സ്വന്തമല്ലാത്ത കുറ്റത്തിനു നിരപരാധികളായ തങ്ങളെ എന്തിനു കോടതി ശിക്ഷിക്കണമെന്ന് താമസക്കാരനായ ബിജോയ് ചേന്നാട്ട് ചോദിച്ചു. ശിക്ഷാ നടപടികള്‍ ഇതിനു കൂട്ടുനിന്ന അധികൃതര്‍ക്കെതിരെയാണ് എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തു ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ള എല്ലാ ഫ്ലാറ്റ് ഉടമകളും തങ്ങളുടെ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഇവരില്‍ പലരുടെയും പ്രായമായ മാതാപിതാക്കള്‍ ഫ്ലാറ്റില്‍ താമസിക്കുന്നുണ്ട്. ഉടമകളില്‍ ഭൂരിഭാഗവും മുഴുവന്‍ ജീവിത സമ്പാദ്യംകൊണ്ടോ ബാങ്ക് വായ്പ എടുത്തോ ആണ് ഫ്ലാറ്റ് വാങ്ങിയത്. മറ്റു പാര്‍പ്പിടങ്ങള്‍ ഒന്നുമില്ലാത്ത ഇവരുടെ, ശിഷ്ടജീവിതം സമാധാനത്തോടെ ഇവിടെ കഴിയാമെന്ന ആശയ്ക്കാണ് ഇപ്പോള്‍ തിരിച്ചടി ഏറ്റിരിക്കുന്നത്.
നിര്‍മാണങ്ങള്‍ക്കു കര്‍ശന നിയന്ത്രണമുള്ള തീരദേശ നിയന്ത്രണ മേഖല 3ല്‍ ഉള്‍പ്പെട്ട പ്രദേശത്താണ് ഫ്ലാറ്റുകള്‍ നിര്‍മിച്ചത്. കേരള തീരദേശ മേഖലാ നിയന്ത്രണ അതോറിറ്റി അറിയാതെ മരട് പഞ്ചായത്ത് (ഇപ്പോള്‍ നഗരസഭ) 200607 ലാണ് നിര്‍മാണാനുമതി നല്‍കിയത്. ഭരണകൂട സംവിധാനങ്ങളും കെട്ടിട നിര്‍മാതാക്കളും ഒത്തുചേര്‍ന്നു മുഴുവന്‍ നിക്ഷേപകരെയും വഞ്ചിച്ചതിനു സമാനമായ കേസാണിതെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളില്‍ തദ്ദേശ സ്ഥാപനങ്ങളെയും എതിര്‍കക്ഷികളാക്കി നഷ്ടപരിഹാരം ഈടാക്കാനുള്ള ഭേദഗതി റിയല്‍ എസ്റ്റേറ്റ് റഗുലേഷന് ആന്‍ഡ് ഡവലപ്മെന്റ് നിയമത്തില്‍ വരുത്തേണ്ടി വരും. ഏതായാലും പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാടു നിര്‍ണായകമാകും.
Post Your Comments