പ്രേക്ഷകഹൃദയം കീഴടക്കിയ ചിത്രമായിരുന്നു കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ‘ടേക്ക് ഓഫ്’. ഒട്ടേറെ നിരൂപണങ്ങളും അതിലേറെ പ്രശംസകളും ഏറ്റുവാങ്ങിയ ചിത്രം നവാഗത സംവിധായകന് മഹേഷ് നാരായണന് ഒരുക്കിയതായിരുന്നു. മുമ്പ് ഒട്ടേറെ സിനിമയുടെ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും സംവിധാന രംഗത്തെ അദ്ദേഹത്തിന്റെ ആദ്യ കയ്യൊപ്പായിരുന്നു ചിത്രം.
പാര്‍വ്വതി തിരുവോത്ത്, ഫഹദ് ഫാസില്‍, കുഞ്ചാക്കോബോബന്, ആസിഫ് അലി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തിയ ചിത്രം ഇറാഖിലെ യുദ്ധമേഖലയില്‍ നിന്നും രക്ഷപ്പെടുന്ന മലയാളി നഴ്സുമാരുടെ കഥയാണ് പറഞ്ഞത്.
ഇപ്പോഴിതാ മഹേഷ് നാരായണന് ഇപ്പോള്‍ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മഹേഷ് നാരായണന് തന്നെയാണ് കഥ എഴുതിയിരിക്കുന്നത്.
ഹിറ്റുകള്‍ മാത്രം സമ്മാനിക്കുന്ന താരങ്ങളായ പാര്‍വ്വതി തിരുവോത്തും ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തുന്നു എന്നുള്ളതാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ടേക്ക്ഓഫിന്റെ നിര്‍മ്മാതാവ് ആന്റോ ജോസഫ് തന്നെയാണ് പുതിയ മഹേഷ് നാരായണന് ചിത്രവും നിര്‍മ്മിക്കുന്നത്. ജൂലൈയില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് മഹേഷ് നാരായണന് അറിയിച്ചിരിക്കുന്നത്.
Post Your Comments