കൊച്ചി: കൊച്ചി വല്ലാര്‍പാടം ദ്വീപില്‍ കിലോമീറ്ററുകളോളം കായല്‍ നികത്തുന്നതായി പരാതി. തീരദേശപരിപാലന ചട്ടങ്ങള്‍ ലംഘിച്ചാണ് റോഡ് നിര്‍മ്മാണം അടക്കമുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ തകൃതിയായി നടക്കുന്നത്. ഇതിന് നാട്ടുകാരുടെ സഹകരണവും ഉണ്ടെന്ന് ആരോപണം ഉയരുന്നുണ്ട്. കായല്‍ നികത്തലിനെതിരെ റവന്യൂ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
വല്ലാര്‍പാടം ദ്വീപിന് ചുറ്റും റിംഗ് റോഡ് എന്നപേരിലാണ് നിര്‍മ്മാണം നടക്കുന്നത്. എന്നാല്‍ മുളവുകാട് പഞ്ചായത്ത് ഇങ്ങനെയൊരു റോഡ് നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കിയിട്ടില്ല എന്നതാണ് യഥാര്‍ത്ഥ വസ്തുത. ടണ്‍ കണക്കിന് പ്ലാസ്റ്റിക്കും റബ്ബര്‍ മാലിന്യങ്ങളും മണ്ണും കൊണ്ടുവന്നിട്ട് വേമ്പനാട് കായലിന്റെ കിലോമീറ്ററുകളോളം ദൂരം നികത്തി റോഡാക്കി മാറ്റിയിരിക്കുകയാണ്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റാണ് കായല്‍ നികത്തല്‍ മുളവുകാട് പഞ്ചായത്തിന്റെ ശ്രദ്ധയിലേക്ക് ആദ്യം കൊണ്ടുവന്നത്. പഞ്ചായത്ത് സെക്രട്ടറിയടക്കമുള്ളവര്‍ സ്ഥലത്തെത്തി കയ്യേറ്റം നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് കളക്ടര്‍ക്കും ലാന്‍ഡ് റവന്യൂ ഡിവിഷനും റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്.
മാലിന്യനിക്ഷേപത്തെ തുടര്‍ന്ന് പൊലീസിലും പരാതിനല്‍കിയെങ്കിലും നടപടികള്‍ അവിടെ അവസാനിച്ചു. വല്ലാര്‍പാടം ദ്വീപിന് ചുറ്റും റിംഗ് ബണ്ട് റോഡ് ഉണ്ടാക്കുക വഴി തീരദേശപരിപാലന നിയമത്തിന്റെ പരിധി ഒഴിവാക്കാനാണ് ശ്രമം. സമീപവാസികളുടെ സഹകരണത്തോടെയാണ് ഈ കായല്‍ നികത്തല്‍ നടക്കുന്നത്. ആര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പഞ്ചായത്തിനും വ്യക്തതയില്ല.
Post Your Comments