Latest NewsKerala

നൂലു ജപിച്ചു കെട്ടിയ എട്ടു വയസ്സുകാരന്റെ ദുരൂഹ മരണം: സത്യാവസ്ഥ പുറത്ത്

ശരീരത്തില്‍ മുറിവുകളും മറ്റും കാണാതിരുന്നതിനാല്‍ മാതാപിതാക്കള്‍ അത് കാര്യമായി എടുത്തില്ല

തിരുവനന്തപുരം: അസുഖം ബാധിച്ചതിനെ തുടര്‍ന്ന് നൂലുജപിച്ചു എട്ടുവയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ സത്യാവസ്ഥ പുറത്ത്. കുട്ടി മരിച്ചത് പേവിഷ ബാധയേറ്റെന്നാണ് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥി അഭിഷേക് മരിച്ചത്. നൂറേക്കര്‍ പിണറുംകുഴി വീട്ടില്‍ മണിക്കുട്ടന്‍ റീന ദമ്പതികളുടെ മകനും വെമ്പായം തലയല്‍ എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയുമായിരുന്നു അഭിഷേക്.

രണ്ടുദിവസം മുമ്പ് കുട്ടിയെ അവശനിലയില്‍ ആയതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ദേഹത്ത് നൂല് ജപിച്ചുകെട്ടി. ശരീരത്തില്‍ മുറിവുകളും മറ്റും കാണാതിരുന്നതിനാല്‍ മാതാപിതാക്കള്‍ അത് കാര്യമായി എടുത്തില്ല. എന്നാല്‍ പുലര്‍ച്ചെയോടെ കുട്ടി പ്രകാശം കണ്ട് ഭയക്കുകയും തുറിച്ചുനോക്കുകയും ചെയ്തുതുടങ്ങി. തുടര്‍ന്ന് നെടുമങ്ങാട് ജില്ലാആശുപത്രിയില്‍ കൊണ്ടു പോയി. അവിടെ നിന്നും പനിക്കുള്ള മരുന്നു നല്‍കി തിരിച്ചയച്ചുവെന്ന് ബന്ധുക്കള്‍ പറയുന്നു.

വ്യാഴാഴ്ച വൈകീട്ടോടെ കുട്ടിയുടെ ആരോഗ്യ നില തീര്‍ത്തും വഷളായതോടെ കന്യാകുളങ്ങര സിഎച്ച്‌സിയില്‍ കുട്ടിയെ എത്തിച്ചു. എന്നാല്‍ കുട്ടിയുടെ രോഗലക്ഷണങ്ങള്‍ കണ്ട ഡോക്ടര്‍ കുട്ടിക്ക് പേ വിഷബാധയേറ്റെന്നു സംശയിക്കുന്നുവെന്നതായി അറിയിച്ചു. പിന്നീട് എസ്എടി ആശുപത്രിയില്‍ കൊണ്ടു പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു.

എന്നാല്‍ വാഹന സൗകര്യം ഇല്ലാത്തതിനാല്‍ കുട്ടിയെ തിരികെ വീട്ടില്‍ എത്തിച്ചു. തുടര്‍ന്ന് പുലര്‍ച്ചെ മരിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീടാണ് കന്യാകുളങ്ങര ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.

ഒരു മാസം മുന്‍പ് അഭിഷേകിന്റെ വീട്ടിലെ പട്ടി തനിയെ ചത്തിരുന്നു. കൂടാതെ ദിവസങ്ങള്‍ക്കു ശേഷം അയല്‍വക്കത്തെ പട്ടിയെ പേവിഷബാധയേറ്റതിനെത്തുടര്‍ന്ന് തല്ലിക്കൊന്നെന്നും പ്രദേശവാസികള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button