പുൽപ്പള്ളി : ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടും ഫലമുണ്ടായില്ല. വ്യാഴാഴ്ച രാത്രിയോടെ കെണിയൊരുക്കി വനപാലകർ കാവലിരിക്കുന്നുണ്ടെങ്കിലും കടുവ പിടിയിലായിട്ടില്ല. വ്യാഴാഴ്ച വൈകുന്നേരം കടുവയെ കണ്ടെന്ന് പറഞ്ഞ സ്ഥലത്തിന് സമീപത്തായാണ് കൂട് സ്ഥാപിച്ചിട്ടുള്ളത്. കാപ്പിപ്പാടി കോളനിയിലെ ഓമന, സീമ എന്നിവരാണ് കടുവയെ കണ്ടതായി പറയുന്നത്. ബുധനാഴ്ച പുലർച്ചെ കോളനിയിലെ മിനിയുടെ ആടിനെ കടുവ പിടികൂടി തിന്നിരുന്നു. തുടർന്ന് ഉച്ചയോടെ വനപാലകർ കടുവയെ കുറിച്യാട് വനത്തിലേക്ക് തുരത്തി. മിനിയുടെ വീടിന് സമീപത്തായാണ് കോളനിവാസികൾ കടുവയെ വീണ്ടും കണ്ടത്.
വനാതിർത്തിയിലെ പുഴക്കരയിലടക്കം കിലോമീറ്ററുകളോളം വനപാലകർ പരിശോധന നടത്തി. കാൽപ്പാടുകളൊന്നുംതന്നെ കണ്ടെത്തിയിട്ടില്ല. സൗത്ത് വയനാട് ഡി.എഫ്.ഒ. പി. രഞ്ജിത്കുമാറും വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. കൂടുതൽ നിരീക്ഷണ ക്യാമറകൾ, ലൈറ്റുകൾ എന്നിവ സ്ഥാപിച്ചും വൻ മരങ്ങളുടെ മുകളിൽ കയറിയും വനംവകുപ്പ് നിരീക്ഷണം തുടരുകയാണ്.
Post Your Comments