Latest NewsIndia

16-ാം വയസിലെ ശൈശവ വിവാഹവും തുടര്‍ന്ന് പ്രായപൂര്‍ത്തിയായപ്പോള്‍ വീണ്ടും വിവാഹം : തന്റെ ജീവിതത്തിലെ രണ്ട് വിവാഹങ്ങളെ പറ്റി ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെ വിറപ്പിച്ച ഐഎഎസ് ഓഫീസര്‍ ടിക്കാറാം മീണ മനസ് തുറക്കുന്നു

ന്യൂഡല്‍ഹി : ഇന്ന് ഏറെക്കുറെ എല്ലാവര്‍ക്കും ഏറെ പരിചിതനാണ് ഐഎഎസ് ഓഫീസറും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുമായ ടിക്കാറാം മീണ. ഏത് രാഷ്ട്രീയ നേതാക്കള്‍ക്കു മുന്നിലും അദ്ദേഹം മുട്ടുമടക്കില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാം അത് കണ്ടതുമാണ്. തന്റെ പതിനാറാം വയസിലെ വിവാഹവും അന്നത്തെ പെണ്ണുകാണലും തുടര്‍ന്ന് തങ്ങള്‍ രണ്ടാമത് വിവാഹിതരായതുമെല്ലാം ഓര്‍ത്തെടുക്കുകയാണ് മീണ.

വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജസ്ഥാനിലെ ഒരു കുഗ്രാമത്തിലെ മണ്‍കുടിലിനു മുന്നില്‍ ചെറിയൊരു കല്യാണപ്പന്തല്‍. വരനും സംഘവുമെത്തി. സൈക്കിളിന്റെ പിന്‍സീറ്റിലിരുത്തിയാണു ചെറുക്കനെ ബന്ധുക്കള്‍ കൊണ്ടുവന്നത്. വരനു പ്രായം 16 ! വധുവിനു പതിനാലും. ആഹാ.. ശൈശവ വിവാഹമാണ് അല്ലേയെന്നു ചോദിച്ചാല്‍ ആ വധൂവരന്മാര്‍ ഇന്നു ചിരിക്കും. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയും ധോലിയുമാണ് അന്നു വിവാഹിതരായത്.

‘വിവാഹപ്രായമായെന്നു മാതാപിതാക്കള്‍ പറഞ്ഞാല്‍ മക്കള്‍ കല്യാണത്തിനു നിന്നുകൊടുക്കണം. അതാണു നാട്ടുനടപ്പ്. ഞങ്ങളും അതനുസരിച്ചു.അവരുടെ അനുഗ്രഹവും ഉപദേശങ്ങളും ഇന്നും തുടരുന്നു. അതുകൊണ്ട് ജീവിതത്തില്‍ നന്മയേ ഉണ്ടായിട്ടുള്ളൂ.’- ടിക്കാറാം മീണ പറയുന്നു.

കൂട്ടുകാരന്‍ കാലുറാം ഖുര്‍ജറിന്റെ സൈക്കിളിലാണ് പെണ്ണുകെട്ടാന്‍ പോയത്. കല്യാണദിവസമാണു പെണ്ണിനെ ആദ്യമായി കണ്ടത്. പരസ്പരം മിണ്ടാന്‍ കഴിഞ്ഞില്ല. ചടങ്ങു കഴിഞ്ഞപ്പോള്‍ വധു വീടിനകത്തേക്കു പോയി. ഞാന്‍ വീട്ടിലേക്കും. ആചാരപ്രകാരം നടന്ന ആ ആദ്യവിവാഹത്തിനുശേഷം ഞങ്ങള്‍ വീണ്ടും വിവാഹിതരായി. ബിഎയ്ക്കു പഠിക്കുമ്പോഴായിരുന്നു അത്. അന്നു മുതല്‍ ഞങ്ങളൊന്നായി ജീവിതം തുടങ്ങി’.ധോലി നാലാം ക്ലാസു വരയേ പഠിച്ചിട്ടുള്ളൂ. മീണ എംഎംയ്ക്കു പഠിക്കുമ്പോള്‍ അവര്‍ക്ക് ആദ്യത്തെ കുട്ടി ജനിച്ചു. പിന്നീടു മൂന്നു മക്കള്‍ കൂടി ജനിച്ചു. ടിക്കാറാം മീണയുടെ മകള്‍ സോണിയയും ഐഎഎസ് ഓഫിസറാണ്. അച്ഛന്റെ ധീരതയും സാഹസികതയും മകള്‍ക്കുമുണ്ട്. മധ്യപ്രദേശില്‍ ഛത്തര്‍പൂരില്‍ സബ് കലക്ടറായിരിക്കെ മണല്‍ മാഫിയയെ പിടിക്കാന്‍ പോയി വലിയൊരു ആക്രമണത്തില്‍ നിന്നു കഷ്ടിച്ചു രക്ഷപെടുകയായിരുന്നു. സോണിയയെ തോക്കിനു മുന്നില്‍ നിര്‍ത്തി മാഫിയ വിലപേശിയെങ്കിലും ഒന്നും നടന്നില്ല. കുറ്റവാളികള്‍ അകത്താകുക തന്നെ ചെയ്തു

കര്‍ഷക കുടുംബമായിരുന്നു. അച്ഛനും അമ്മയും അക്ഷരാഭ്യാസമില്ല. 6 മക്കളില്‍ മീണയ്ക്കും ജ്യേഷ്ഠനും മാത്രമാണ് വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞത്. വീട്ടിലെ ദാരിദ്ര്യമാണ് പഠനം മുടക്കിയത്. പശുക്കളെ ആശ്രയിച്ചാണു കുടുംബം മുന്നോട്ടുപോയതെന്നു മീണ പറയുന്നു. ‘പശുവിനെ മേയ്ക്കാന്‍ അടുത്തുള്ള കാട്ടിലേക്കു പോകും. അവിടെ മരച്ചുവട്ടിലിരുന്നു പഠിക്കും. ഹൈസ്‌കൂളിലായപ്പോള്‍ പുഴ കടന്നുവേണം പോകാന്‍. വള്ളമില്ല. പുസ്തകങ്ങള്‍ വസ്ത്രത്തില്‍ പൊതിഞ്ഞ് കൈയിലുയര്‍ത്തിപ്പിടിച്ച് നീന്തി അക്കരെയെത്തും. ഇതൊക്കെ പറയുമ്പോള്‍ ഇന്നും ടിക്കാം റാം മീണയെന്ന ഐഎഎസ് ഓഫീസര്‍ക്ക് അഭിമാനമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button