ആലുവ > ചൂര്‍ണിക്കരയില്‍ കൃഷിനിലം പുരയിടമാക്കാന്‍ വ്യാജരേഖ ചമച്ച കേസില്‍ ഇടനിലക്കാരനായ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ലാന്‍ഡ് റവന്യൂ ഉദ്യോഗസ്ഥനെയും കസ്റ്റഡിയില്‍ എടുത്തു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ തിരുവഞ്ചൂര്‍ റവന്യൂമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ പ്രധാനിയായിരുന്നു അരുണ്‍കുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്.
കേസില്‍ ഒളിവിലായിരുന്ന കോണ്‍ഗ്രസ് നേതാവ് ശ്രീമൂലനഗരം പഞ്ചായത്തില്‍ ശ്രീഭൂതപുരം അപ്പോലിവീട്ടില്‍ അബൂട്ടി എന്ന അബുവിനെ ആലുവ ഡിവൈഎസ്പി വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ച് ചോദ്യംചെയ്തു. നിലം പുരയിടഭൂമിയാക്കി തരംമാറ്റിയുള്ള റവന്യൂ കമീഷണറുടെ ഉത്തരവ് ചമയ്ക്കാന്‍ തിരുവനന്തപുരം ലാന്‍ഡ് റവന്യൂ ഓഫീസിലെ ഉദ്യോഗസ്ഥനായ കെ അരുണ്‍കുമാറിന്റെ സഹായം കിട്ടിയതായി അബു മൊഴിനല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് അരുണ്‍കുമാറിനെ കസ്റ്റഡിയിലെടുത്തത്.
സ്ഥലമുടമയില്‍നിന്ന് താന്‍ ഏഴുലക്ഷം രൂപ കൈപ്പറ്റിയതായി അബു പൊലീസിനോട് സമ്മതിച്ചു. അബുവില്‍നിന്ന് വേറെയും പ്രമാണങ്ങളും വ്യാജരേഖകളും കണ്ടെടുത്തിട്ടുണ്ട്. ഇവ ഉപയോഗിച്ച് ആലുവയിലും പരിസരത്തും ഭൂമി ഇടപാടുകള്‍ നടത്തിയതായും പൊലീസ് കണ്ടെത്തി.
അബുവിന്റെ മൊബൈലും പൊലീസ് പിടിച്ചെടുത്തു. ഫോണിലെ സന്ദേശങ്ങളും പരിശോധിച്ചു. ഇയാളുടെ മൊഴിയിലെ സത്യാവസ്ഥ പരിശോധിക്കാന്‍ ആലുവ താലൂക്ക് ഓഫീസിലെയും ചൂര്‍ണിക്കര പഞ്ചായത്തിലെയും രണ്ട് ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തു.
അന്‍വര്‍ സാദത്ത് എംഎല്‍എയുടെ അടുപ്പക്കാരനാണ് അബു. തിരുവൈരാണിക്കുളം സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ബോര്‍ഡിലേക്ക് കോണ്‍ഗ്രസിന്റെ പാനലില്‍ മത്സരിച്ചിരുന്നു. വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലുംനിന്ന് ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ സംഘടിപ്പിച്ച് കൊടുക്കുകയാണ് പ്രധാന ജോലി.
തട്ടിപ്പുസംബന്ധിച്ച് വിജിലന്‍സും ലാന്‍ഡ് റവന്യൂ കമീഷണറേറ്റും വെവ്വേറെ അന്വേഷണം നടത്തുന്നുണ്ട്. ചൂര്‍ണിക്കര പഞ്ചായത്തിലെ 14–ാംവാര്‍ഡില്‍ ദേശീയപാതയോട് ചേര്‍ന്നുള്ള 25 സെന്റ് തണ്ണീര്‍ത്തടം വര്‍ഷങ്ങള്‍ക്കുമുമ്പ് ഉടമ മണ്ണിട്ടുനികത്തി ഗോഡൗണ്‍ നിര്‍മിച്ചിരുന്നു. ദേശീയപാതയോട് ചേര്‍ന്ന് കോടികള്‍ വിലയുള്ള ഭൂമിയില്‍ വീണ്ടും നിര്‍മാണം നടത്താന്‍ ഉടമ ശ്രമിച്ചപ്പോഴാണ് അബു ഇടപെട്ട് പണം വാങ്ങി വ്യാജരേഖ ചമച്ചുകൊടുത്തത്. തൃശൂര്‍ മതിലകം മുളംപറമ്പില്‍വീട്ടില്‍ ഹംസയുടെ കുടുംബാംഗങ്ങളുടെ പേരിലുള്ളതാണ് വസ്തു. ഭൂമി തരംമാറ്റിയതായി ലാന്‍ഡ് റവന്യൂ കമീഷണറുടെ പേരിലുള്ള വ്യാജ ഉത്തരവാണ് അബു ആദ്യം തയ്യാറാക്കി വില്ലേജ് ഓഫീസില്‍ നല്‍കിയത്. തരംമാറ്റല്‍ ഉത്തരവ് ആര്‍ഡിഒയാണ് നല്‍കേണ്ടതെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചപ്പോള്‍ അബു അതിനും വ്യാജരേഖയുണ്ടാക്കി നല്‍കി. ഇതില്‍ സംശയം തോന്നിയ വില്ലേജ് ഓഫീസര്‍ ആര്‍ഡിഒയോട് വിവരം തിരക്കി. തെരഞ്ഞെടുപ്പുഡ്യൂട്ടിയില്‍ സംസ്ഥാനത്തിന് പുറത്തായിരുന്ന ആര്‍ഡിഒ, താന്‍ അത്തരം അനുമതി നല്‍കിയിട്ടില്ലെന്ന് ഫോണില്‍ വില്ലേജ് ഓഫീസറെ അറിയിച്ചു. തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
Post Your Comments