വത്തിക്കാന്‍ സിറ്റി: കത്തോലിക്കാസഭയിലെ ലൈംഗികപീഡനപരാതികള്‍ അന്വേഷിക്കാന്‍ ശക്തമായ മാര്‍ഗനിര്‍ദേശങ്ങളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. പുരോഹിതര്‍ക്കായുള്ള അപ്പോലിസ്തലിക സന്ദേശത്തിലാണ് മാര്‍പാപ്പയുടെ മാര്‍ഗനിര്‍ദേശം.
സഭയ്ക്ക് കീഴിലുള്ള പുരോഹിതന്മാരും കന്യാസ്ത്രീകളും പീഡനപരാതികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉന്നതാധികാരികളെ എത്രയൂം പെട്ടെന്ന് അറിയിക്കണം.
പീഡനപരാതികള്‍ മൂടിവയ്ക്കാനുള്ള ശ്രമമുണ്ടെങ്കിലും ഉന്നതാധികാരികളെ അറിയിക്കേണ്ടതാണെന്നും നിര്‍ദേശിച്ചു. കഴിഞ്ഞ കാലങ്ങളില്‍ പുറത്തുവന്ന ലൈംഗിക അതിക്രമങ്ങള്‍ സഭയുടെ വിശ്വാസ്യത തകര്‍ത്തതിനാലാണ് ശക്തമായ നടപടിയുമായി മാര്‍പ്പാപ്പ രംഗത്തെത്തിയത്.
പരാതി ലഭിച്ചാല്‍ 90 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പരാതിക്കാര്‍ക്കെതിരെ പ്രതികാരനടപടികള്‍ സ്വീകരിക്കരുത്. പീഡന പരാതികള്‍ സ്വീകരിക്കാന്‍ എല്ലാ രൂപതയിലും പ്രത്യേക സംവിധാനം വേണമെന്നും സന്ദേശത്തിലുണ്ട്. പരാതികള്‍ പൊലീസിന് കൈമാറണമെന്ന് പറയുന്നില്ലെങ്കിലും അതത് രാജ്യത്തെ നിയമസംവിധാനങ്ങളുമായി സഭയിലെ അംഗങ്ങള്‍ സഹകരിക്കണമെന്ന് മാര്‍പാപ്പ വ്യക്തമാക്കുന്നു.
കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന ബിഷപ്പുമാര്‍ക്കും ഉയര്‍ന്ന പുരോഹിതര്‍ക്കുമെതിരെ അന്വേഷണത്തിണുള്ള മാര്‍ഗനിര്‍ദേശവും സന്ദേശത്തിലുണ്ട്. ഇവര്‍ക്കെതിരെയുള്ള പരാതി റോമിലെ ഉന്നതസഭയില്‍ അറിയിക്കണം. തുടര്‍ന്ന് അന്വേഷണം പരാതി നടന്ന സ്ഥലത്തെ ആര്‍ച്ച് ബിഷപ്പ് അന്വേഷിക്കണം. പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞാല്‍ പ്രാഥമിക അന്വേഷണത്തിന് വത്തിക്കാന്റെ അനുവാദം തേടണം. സ്ഥാനവും അധികാരവും നോക്കാതെ ഇവര്‍ക്കെതിരെ നടപടിയെടുക്കും. അധികാരം ഉപയോഗിച്ച് ഉന്നതസ്ഥാനങ്ങളിലുള്ളവര്‍ ഇരകളെ വേട്ടയാടുന്നെന്നും പരാതി അട്ടിമറിക്കുന്നുവെന്നും ആരോപണം ഉയര്‍ന്നതിനാലാണ് ശക്തമായ തീരുമാനം. ജൂണ്‍ ഒന്നുമുതല്‍ മൂന്നുവര്‍ഷത്തേക്കാണ് പുതിയ മാര്‍ഗനിര്‍ദേശം. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ മൂടിവച്ചതിന് നേരത്തെ സഭ മാപ്പ് പറഞ്ഞിരുന്നു.
Post Your Comments