ദില്ലി: അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഏറ്റവും പുതിയ വീഡിയോ പുറത്തു വന്നതോടെ ഐസിസിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിച്ചിരിക്കുന്നു. ശ്രീലങ്കന്‍ ആക്രമണത്തെ തുടര്‍ന്ന് ഉത്തരവാദിത്വമേറ്റെടുത്ത് അവര്‍ വന്നതോടെയാണ് ഐസിസിന്റെ ഭീകരതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുനരാരംഭിച്ചത്. സിറിയയിലെ അവസാന തട്ടകവും കൈവിട്ടതോടെ ആക്രമണങ്ങള്‍ക്ക് അറുതി വന്നുവെന്ന ആശ്വാസത്തിലിരിക്കുമ്പോഴാണ് ഇടിത്തീ പോലെ ഈസ്‌ററര്‍ ഞായറാഴ്ച ശ്രീലങ്കയില്‍ സ്‌ഫോടന പരമ്പര അരങ്ങേറിയത്. അബൂബക്കര്‍ ബാഗ്ദാദി 2014ല്‍ ആദ്യത്തെ വീഡിയോ പുറത്തു വിട്ടപ്പോള്‍ വളരെ ആത്മവിശ്വാസമുള്ളതും ശക്തമായ ഒരു സേനയെ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുമുള്ള നേതാവുമായിരുന്നു അദ്ദേഹം.
എന്നാല്‍ ഇപ്പോള്‍ അതായത് 2019ലെ ശ്രീലങ്കന്‍ ആക്രമണത്തിന് ശേഷം പുറത്തു വന്ന വീഡിയോയില്‍ ഒരു റൈഫിളുമായി നിലത്ത് ചമ്രം പടിഞ്ഞ് ഇരിക്കുന്ന ബാഗ്ദാദിയെയാണ് കാണാനാകുന്നത്. കൊളംബോയിലെ ആക്രമണം 2014ലെ ആക്രമണത്തിന്റെ പ്രതികാരമാണമെന്ന് അദ്ദേഹം പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ മാധ്യമ വിഭാഗമായ അല്‍ ഫുര്‍ഖാന്‍ ആണ് വീഡിയോ പുറത്തു വിട്ടത്.
ലോകമെമ്പാടുമുള്ള ഏജന്‍സികള്‍ ആരും തന്നെ ഈ വീഡിയോയെ നിസ്സാരമായി തളളുന്നില്ല. വീഡിയോയുടെ ആധികാരികതയെ ആരും തന്നെ ചോദ്യം ചെയ്യുന്നില്ലെന്ന് മാത്രമല്ല ഒരിക്കല്‍ കൊല്ലപ്പെട്ടെന്ന കരുതിയ വ്യക്തി ജീവനോടെയുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നു.
ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തി കേന്ദ്രങ്ങളായ പല രാജ്യങ്ങളിലും അവര്‍ക്ക് ഗണ്യമായ തോതില്‍ സ്വാധീനം നഷ്ടമായിട്ടുണ്ട്. സിറിയയിലും ഇറാഖിലും പോലും ഐസിസിന് ശക്തി ചോര്‍ന്നു. ഈ നഷ്ടങ്ങള്‍ക്കിടയിലും ഐസിസിനെ പിന്തുണയ്ക്കുന്നവര്‍ സൈബര്‍ മേഖലയില്‍ വ്യാപകമായി ആശയം പ്രചരിപ്പിക്കുന്നുണ്ട്. ഈ സംഘത്തിന് നാഷ്ണല്‍ തവ്ഹീദ് ജമാത്ത് പോലുള്ള പ്രാദേശിക ഗ്രൂപ്പുകളുമായി ചേര്‍ന്ന് വലിയ തോതില്‍ ആക്രമണങ്ങള്‍ നടത്താന്‍ കഴിവുണ്ടെന്ന് ശ്രീലങ്കയിലെ സ്‌ഫോടനത്തോടെ വ്യക്തമായിട്ടുണ്ട്.
കേരളത്തിലെയും കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും പങ്കാളികളുമായി ചേര്‍ന്ന് ഇന്ത്യയിലും സമാനമായ തന്ത്രമാണ് ഐസിസ് ലക്ഷ്യമിടുന്നത്. 2013ല്‍ അവര്‍ എന്താണോ ചെയ്തത് അതു തന്നെയാണ് ഇന്നും അവര്‍ ചെയ്യുന്നതെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കുന്നു. കൂടുതല്‍ നിശബ്ദമായി സ്ഥിരമായ നിലനില്‍ക്കുന്ന പദ്ധതിയാണ് ഇന്നവര്‍ ആസൂത്രണം ചെയ്യുന്നത്. തങ്ങള്‍ക്ക് ശക്തി കുറഞ്ഞുവെന്ന തിരിച്ചറിവിലാണ് പുതിയ പ്രാദേശിക ഗ്രൂപ്പുകളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം.
ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സിറിയയിലും ഇറാഖിലും നിയന്ത്രിച്ചതിനാല്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ക്ക് ഭയപ്പെടേണ്ടതില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ തട്ടകത്തിലെ പതനത്തിന് ശേഷം അവര്‍ മറ്റു രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുന്നു. 2014ലുമായി താരതമ്യം ചെയ്യുമ്പോള്‍ ഐസിസ് ഇന്ന് കൂടുതല്‍ അപകടകരമാണ്. അവര്‍ക്ക് അടിത്തറ നഷ്ടപ്പെട്ടെങ്കിലും പിന്തുടരുന്നവരുടെ മനസ്സില്‍ ആശയങ്ങള്‍ ശക്തമായി നിലകൊള്ളുന്നുണ്ടെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു.
Post Your Comments