കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവിയും നടിയുമായ ദിവ്യ സ്പന്ദനയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്വര്‍ക്കിനും അവരുടെ കന്നഡ ചാനലായ സുവര്‍ണ ന്യൂസ് 24 X 7 നും പിഴ. 2013ല്‍ രമ്യ ഫയല്‍ ചെയ്ത കേസിലാണ് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്വര്‍ക്ക് പിഴ അടക്കേണ്ടത്. 50 ലക്ഷം രൂപയാണ് ബെംഗളുരു സിറ്റി സിവില്‍ കോടതി പിഴ വിധിച്ചിരിക്കുന്നത്. മാനനഷ്ടത്തിന് 10 കോടി രൂപ ചാനലില്‍ നിന്ന് ഈടാക്കണമെന്നായിരുന്നു ദിവ്യയുടെ ആവശ്യം. അതേസമയം ഐ.പി.എല്ലുമായി 2013ല്‍ ദിവ്യ സ്പന്ദനക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. താന്‍ ഈ സമയം നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു എന്ന് ദിവ്യ സ്പന്ദന പറയുന്നു.
‘ബെറ്റിങ് റാണിയാര്‍’ (ബെറ്റിങ് രാജ്ഞി) എന്ന പ്രത്യേക പരിപാടിയിലൂടെ അപകീര്‍ത്തിപെടുത്തി എന്നതാണ് കേസ്. 2013ലെ ഐ.പി.എല്‍ ഒത്തുകളി വിവാദവുമായി ദിവ്യ സ്പന്ദനയെ തെറ്റായി ബന്ധിപ്പിച്ചു എന്നാണ് ആരോപണം. ദിവ്യ സ്പന്ദനയെ ഐ.പി.എല്‍ ഒത്തുകളി കോഴ വിവാദങ്ങളുമായി ബന്ധപ്പിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളോ പരിപാടികളോ ടെലികാസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരു ടീമിന്റെ ബ്രാന്‍ഡ് അംബാസിഡറായിരിക്കെ ദിവ്യ സ്പന്ദന ഐ.പി.എല്‍ കാണാനെത്തിയതിന്റെ ചിത്രങ്ങളും വീഡിയോയും വാര്‍ത്തയില്‍ ഉപയോഗിക്കുകയും ചെയ്തു. ദിവ്യ സ്പന്ദനയെ വാര്‍ത്തയിലൂടെ നേരിട്ട് പരാമര്‍ശിക്കുന്നില്ല എന്നും വാര്‍ത്തയിലൂടെ ദിവ്യക്ക് യാതൊരു ദോഷവുമുണ്ടായിട്ടില്ല എന്നും ഏഷ്യാനെറ്റ് വാദിച്ചിരുന്നു.
Post Your Comments