KeralaLatest News

ഫോട്ടോയിൽ കൂടെയുള്ളവന്റെ കൂടെ ഒളിച്ചോടി, അവിഹിതഗർഭമുണ്ടായി, മൂന്ന്‌ അബോർഷൻ കഴിഞ്ഞു, തുടങ്ങിയ ഇക്കിളി കഥകൾ മെനയാൻ അവര്‍ തക്കം പാർത്തിരിപ്പുണ്ടാകും

എസ്.എസ്.എല്‍.സി, പ്ലസ് ടു ഫലം പുറത്തുവന്നതോടെ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള ആശംസകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍. എന്നാല്‍ ഇതിന് പിന്നിലെ ചതിക്കുഴികള്‍ വെളിപ്പെടുത്തുകയാണ് ഡോ. ഷംന അസീസ്. A+ എത്രെണ്ണമുണ്ട്‌ എന്നതും ‘മിടുക്കി’ എന്ന വാക്കുമായി മിക്കപ്പോഴും ആടും ആടലോടകവും തമ്മിലുള്ള ബന്ധം പോലുമില്ലെന്ന്‌ ഷംന പറയുന്നു. പണ്ടോ ഇക്കുറിയോ ഇനിയുള്ള കാലത്തോ പരീക്ഷയിൽ നിങ്ങളേക്കാൾ മാർക്ക്‌ കുറവുള്ള മക്കളുണ്ടെങ്കിൽ പ്രത്യേകിച്ചും ചിരി കണ്ട്‌ മയങ്ങണ്ട എന്നും ഷംന പറയുന്നു.

കൂട്ടുകാരുടെ കൂടെയുള്ള ഫോട്ടോ പരസ്യമായി സമൂഹമാധ്യമങ്ങളിൽ ഇടുമ്പോൾ ശ്രദ്ധിക്കുക. ഫോട്ടോയിൽ കൂടെയുള്ളവന്റെ കൂടെ ഒളിച്ചോടി, അവിഹിതഗർഭമുണ്ടായി, മൂന്ന്‌ അബോർഷൻ കഴിഞ്ഞു എന്ന്‌ തുടങ്ങി ഇക്കിളിനോവലുകളെ തോൽപ്പിക്കുന്ന കഥകൾ മെനയാൻ ഈ ബന്ധുക്കളും നാട്ടുകാരും തക്കം പാർത്തിരിപ്പുണ്ടാകും. ദോഷം പറയരുതല്ലോ, സൂപ്പർ ഭാവനയാണ്‌. അത്‌ കേട്ട്‌ ചാകാനും വിഷാദിക്കാനും ഒന്നും നിൽക്കേണ്ട. പെണ്ണുങ്ങൾക്ക്‌ വിദ്യാഭ്യാസവും അഭിപ്രായവും നിലപാടും ഉണ്ടാകുമ്പോൾ അതിനെ ചെറുക്കാൻ പ്രാചീനകാലം മുതൽ ഉപയോഗിച്ച്‌ വരുന്ന ടെക്‌നിക്കാണ്‌. സമൂഹത്തിലെ കാലാകാലങ്ങളായുള്ള വൃത്തികേടുകൾക്കെതിരെ ശബ്‌ദമുയർത്താൻ തുടങ്ങിയാൽ ഇത്തരത്തിൽ നിങ്ങളെ തച്ച്‌ തള്ളിയിടാൻ ശ്രമിക്കുന്നവരുടെ എണ്ണമേറും. പോയി പണി നോക്കാൻ പറഞ്ഞ്‌ ഇവൻമാരുടെയൊക്കെ ഇടയിൽ തലയുയർത്തി നടക്കണമെന്നും ഷംന കുറിക്കുന്നു.

ഡോ. ഷംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പത്തും പന്ത്രണ്ടുമൊക്കെ സൂപ്പറായി പഠിച്ച്‌ പാസ്സായ മിടുക്കി കുട്ടികളോട്‌ രണ്ട്‌ വർത്താനം പറഞ്ഞിട്ട്‌ തന്നെ ബാക്കി കാര്യം. A+ എത്രെണ്ണമുണ്ട്‌ എന്നതും ‘മിടുക്കി’ എന്ന വാക്കുമായി മിക്കപ്പോഴും ആടും ആടലോടകവും തമ്മിലുള്ള ബന്ധം പോലുമില്ലെന്ന്‌ ഓർമ്മിപ്പിച്ച്‌ കൊണ്ട്‌ തുടങ്ങട്ടെ.

* നിങ്ങൾ പാസായതിന്റെ മിഠായിയുമായി വീടിന്റെ പരിസരത്തിന്‌ ചുറ്റും ഒരു റൗണ്ട്‌ നടന്ന്‌ വന്നില്ലേ? അവരിൽ മിക്കവരും തന്നെ ആ മിഠായി പല്ലിറുമ്മി പെട്ടെന്ന്‌ ചവച്ചിറക്കിയിട്ടുണ്ടാകും. പണ്ടോ ഇക്കുറിയോ ഇനിയുള്ള കാലത്തോ പരീക്ഷയിൽ നിങ്ങളേക്കാൾ മാർക്ക്‌ കുറവുള്ള മക്കളുണ്ടെങ്കിൽ പ്രത്യേകിച്ചും ചിരി കണ്ട്‌ മയങ്ങണ്ടാട്ടോ. മലയാളത്തിൽ ഈ പ്രതിഭാസത്തിന് ‘അസൂയ’ എന്ന്‌ പറയും. സാരല്ല, അത്‌ നമ്മുടെ വളർച്ചക്ക്‌ വളരെയേറെ സഹായകമായ ഒന്നാണ്‌. ഇതിന്റെ ഒരു വകഭേദമായ ‘പാര’ പിറകെ വരും. ഏത്‌ രൂപത്തിൽ എന്ന്‌ മാത്രം നോക്കിയിരുന്നാൽ മതി.

* ഫോണിൽ വിളിച്ചും വണ്ടിക്കൂലി മുടക്കി നേരിട്ടും വന്ന ബന്ധുക്കൾക്കും ഇത്‌ ബാധകം. അപൂർവ്വം ചിലരെയല്ലാതെ നമ്പവേ കൂടാത്‌. ഇനി അവരെയെങ്ങനെ തിരിച്ചറിയാം എന്നാണോ? പണി കിട്ടുമ്പോ ആരൊക്കെ കൂടെ നിൽക്കുന്നു എന്ന്‌ കണ്ടറിയാം എന്നല്ലാതെ നോ വഴി.

* നേരെ മുൻപിലെ വീട്ടിലോ അപ്പുറത്തോ ഇപ്പുറത്തോ ഉള്ള വീട്ടിലോ ഇനിയുള്ള ദിവസങ്ങളിൽ നിങ്ങളുടെ വീടിന്‌ നേരെയുള്ള ജനലുകൾ സ്‌ഥിരമായി തുറന്ന്‌ കിടക്കാം. നിങ്ങളുടെ ഭാവി പരിപാടികളിലെ ഒരു മേജർ പോയിന്റ്‌ പോലും നേരത്തിന്‌ മനസ്സിലാകാതെ പോകരുത്‌ എന്ന അവരുടെ ശുഷ്‌കാന്തി നിങ്ങൾ തിരിച്ചറിയാതെ പോകരുത്‌. അടുപ്പിൽ അരി വെന്തില്ലെങ്കിലും അയലോക്കത്തെ ന്യൂസ്‌ മിസ്സാക്കില്ല.

* ഭാവി പരിപാടി എന്താണ്‌? കുറച്ച്‌ ദൂരെയുള്ള കിടിലൻ ഉപരിപഠനത്തിന്‌ പ്ലാനുണ്ടോ? ഇപ്പോ നിങ്ങൾക്ക്‌ അണപ്പല്ല്‌ കടിച്ചാണെങ്കിൽ പോലും സിർച്ച്‌ സിർച്ച്‌ കൺഗ്രാറ്റ്‌സ്‌ പറഞ്ഞ മുതിർന്ന മഹദ്‌വ്യക്‌തിത്വങ്ങൾ തന്നെ കണ്ണിൽകടി മൂത്ത്‌ വെന്ത് തുടങ്ങും. നിങ്ങളുടെ പഠനം കുളമാക്കാൻ അവരെക്കൊണ്ട്‌ സാധിക്കില്ലെങ്കിലും നിങ്ങളുടെ ഇൻസ്‌റ്റ ഫോട്ടോകൾ, ഫേസ്ബുക്ക് പോസ്‌റ്റുകൾ, വാട്ട്‌സപ്പ്‌ സ്‌റ്റാറ്റസ്‌ എന്നിവ അവർ സാകൂതം വീക്ഷിക്കും. ഇതിനെ ‘അമ്മാവൻ/അമ്മായി സിണ്ട്രോം’ എന്ന്‌ സൗകര്യം പോലെ വിളിക്കാം.

* കൂട്ടുകാരുടെ കൂടെയുള്ള ഫോട്ടോ പരസ്യമായി സമൂഹമാധ്യമങ്ങളിൽ ഇടുമ്പോൾ ശ്രദ്ധിക്കുക. ഫോട്ടോയിൽ കൂടെയുള്ളവന്റെ കൂടെ ഒളിച്ചോടി, അവിഹിതഗർഭമുണ്ടായി, മൂന്ന്‌ അബോർഷൻ കഴിഞ്ഞു എന്ന്‌ തുടങ്ങി ഇക്കിളിനോവലുകളെ തോൽപ്പിക്കുന്ന കഥകൾ മെനയാൻ ഈ ബന്ധുക്കളും നാട്ടുകാരും തക്കം പാർത്തിരിപ്പുണ്ടാകും. ദോഷം പറയരുതല്ലോ, സൂപ്പർ ഭാവനയാണ്‌. അത്‌ കേട്ട്‌ ചാകാനും വിഷാദിക്കാനും ഒന്നും നിൽക്കേണ്ട. പെണ്ണുങ്ങൾക്ക്‌ വിദ്യാഭ്യാസവും അഭിപ്രായവും നിലപാടും ഉണ്ടാകുമ്പോൾ അതിനെ ചെറുക്കാൻ പ്രാചീനകാലം മുതൽ ഉപയോഗിച്ച്‌ വരുന്ന ടെക്‌നിക്കാണ്‌. സമൂഹത്തിലെ കാലാകാലങ്ങളായുള്ള വൃത്തികേടുകൾക്കെതിരെ ശബ്‌ദമുയർത്താൻ തുടങ്ങിയാൽ ഇത്തരത്തിൽ നിങ്ങളെ തച്ച്‌ തള്ളിയിടാൻ ശ്രമിക്കുന്നവരുടെ എണ്ണമേറും. പോയി പണി നോക്കാൻ പറഞ്ഞ്‌ ഇവൻമാരുടെയൊക്കെ ഇടയിൽ തലയുയർത്തി നടന്നോണം.

* നമ്മളെ കാണുമ്പോൾ ചിരിക്കുകയും മുഖം തിരിക്കുമ്പോൾ പിറകിൽ നിന്ന്‌ കൊഞ്ഞനം കുത്തുകയും ചെയ്യുന്നതാണ്‌ ഇതിന്റെ പ്രധാന ലക്ഷണം. വീടിനകത്തുള്ള സ്‌ത്രീകളാണ്‌ ഇത്തരം കുൽസിതപ്രവർത്തികളിൽ ഏർപ്പെടുന്നത്‌ എന്ന തെറ്റിദ്ധാരണ നിങ്ങൾക്ക്‌ തോന്നാമെങ്കിലും വഴിയരികിൽ കുത്തിയിരുന്ന്‌ ‘ഈ ലോകം ഞങ്ങളുടെ കണ്ട്രോളിലാണ്‌’ എന്ന മട്ടിൽ പച്ചനുണകൾ വിളിച്ച്‌ പറയുന്ന യുവകോമളൻമാർ മുതൽ അപ്പൂപ്പൻമാർ വരെ ഇതിന്‌ പിന്നിലുണ്ടാകും. ഒറ്റ എണ്ണത്തിനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്‌.

* നമ്മുടെ കുടുംബത്തിന്റെ മാനം കളയാനും നമ്മളെക്കുറിച്ച്‌ അപവാദം പ്രചരിപ്പിച്ചാൽ മതിയാകും എന്നറിയുക. അത്‌ കൊണ്ട്‌ അവനവൻ എന്താണെന്ന്‌ വീട്ടിലുള്ളവരെ മാത്രം ബോധ്യപ്പെടുത്തുക. എന്നിട്ട്‌ നിങ്ങൾ ധൈര്യമായി പഠിച്ചും ചിന്തിച്ചും പുറംലോകം കണ്ടും മുന്നേറുക.

* കല്യാണം കഴിയുമ്പോൾ ഈ വക ഉപകാരങ്ങൾ ചെയ്‌തു തരാനും കുടുംബം കലക്കാനും കൂടി ഇതുങ്ങൾ ഉണ്ടാകും എന്നതിനാൽ ഇപ്പോഴേ കാണ്ടാമൃഗത്തിന്റെ തൊലി പുതച്ച്‌ ശീലിക്കുക. ആ പിന്നേ, സാമ്പ്രദായികമായി മരുമകളെക്കുറിച്ച്‌ തോന്നിവാസം പറയാനുള്ള അധികാരം അതിയാന്റെ ഫാമിലിക്ക്‌ ഉണ്ടെന്നതും നിങ്ങളറിയാതെ പോകരുത്‌. പറഞ്ഞുണ്ടാക്കുന്നവരെ പ്രത്യേകം നോട്ട്‌ ചെയ്യുക, അവസരം വരും.

* പഠിച്ച്‌ ഇഷ്‌ടമുള്ള ജോലി നേടുക. ആവുന്ന സഹായം എല്ലാവർക്കും ചെയ്ത്‌ കൊടുക്കുക. പത്തുറുപ്യേന്റെ ഫ്രൂട്ടി പാക്കിന്റെ ഉപകാരം പോലും തിരിച്ച്‌ പ്രതീക്ഷിക്കരുത്‌. ഫോർ എക്‌സാംപിൾ, നിങ്ങൾ പഠിച്ച്‌ ഡോക്‌ടറായി ഒരാളുടെ പെറ്റമ്മ മരിക്കാൻ ചക്രശ്വാസം വലിച്ച്‌ കിടന്നപ്പോൾ ഡ്യൂട്ടിക്കിടെ ആശുപത്രിയിൽ ഓടിച്ചെന്ന്‌ ചികിത്സിച്ച്‌ സഹായിച്ചു എന്ന്‌ കരുതുക. അല്ലെങ്കിൽ പോട്ടെ, ഒരാളുടെ മകൻ ആക്‌സിഡന്റായി മൂത്രം പോകാതെ പിടഞ്ഞ്‌ കളിച്ചപ്പോൾ നേരമില്ലാത്ത നേരത്ത്‌ പോയി വേണ്ടത്‌ ചെയ്‌തൂന്ന്‌ കരുതുക. അതുമല്ലെങ്കിൽ നമ്മുടെ ആശുപത്രിയിൽ വന്നപ്പോൾ വേണ്ടത്‌ ചെയ്‌ത്‌ കൊടുത്ത്‌ കാണും.

ആ പോട്ടെ, ഇനി നിങ്ങൾ സർക്കാർ ഉദ്യോഗസ്‌ഥയെങ്കിൽ എത്രയോ ഔദ്യോഗിക കടമ്പകൾ നാട്ടുകാർക്കും ബന്ധുക്കൾക്കും ഒഴിവാക്കി കൊടുത്ത്‌ കാണും. ബിസിനസ്‌ ചെയ്യുന്നവളെങ്കിൽ ഏറെ ആനുകൂല്യങ്ങൾ വെറുതേ വാരിക്കോരി കൊടുത്തിട്ടുണ്ടാകും. അന്നേരമൊക്കെ ചക്കരയായിരിക്കും. ഇതൊക്കെ ഇവറ്റകൾ ശടപടാന്ന്‌ മറക്കും. എന്നിട്ട്‌ നമ്മളെക്കുറിച്ച്‌ കഥയിറങ്ങുമ്പോൾ അത്‌ അടിച്ചിറക്കാൻ പ്രിന്റിംഗ്‌ ഇങ്ക്‌ ഇവരാകും സ്‌പോൺസർ ചെയ്യുക. പറയുമ്പോൾ വല്ല്യ നിലേം വിലേം ഒക്കെ ഉള്ളവരാകും… സാരല്ല, നമ്മൾ കടമകൾ ചെയ്‌തിരിക്കണം. ഒരുത്തനോടും ഒന്നും പ്രതീക്ഷിക്കേണ്ട. പലപ്പോഴും നന്ദികേടിന്റെ പര്യായമാണ്‌ മനുഷ്യൻ.

* ഏറ്റവും പ്രധാനം, പെണ്ണായിരിക്കുന്നത്‌ സ്വപ്‌നങ്ങളുടെ അന്ത്യമല്ല, അത്‌ ബോണസാണെന്ന്‌ മനസ്സിലാക്കുകയെന്നതാണ്‌. ഒന്നും എങ്ങും ഒടുങ്ങുന്നില്ല. തുടങ്ങുകയാണ്‌. ഇഷ്‌ടമുള്ളത്‌ പഠിക്കൂ, മനസാക്ഷിക്ക്‌ കുറ്റബോധം തോന്നാത്ത രീതിയിൽ ആഘോഷമായി ജീവിക്കൂ. ഒടുക്കം ഓടിച്ചെല്ലാനുള്ളയിടം കുടുംബമാണ്‌. അവിടെ വഴക്കും വക്കാണവുമൊക്കെ കാണും. അതിലൊരു ഡാഷും സന്തോഷിക്കേണ്ടെന്ന്‌ വീട്ടുകാരോടൊപ്പം ജീവിച്ചങ്ങ്‌ കാണിച്ച്‌ കൊടുക്കുക. ആരുടേയും ചിലവിലല്ല ജീവിക്കുന്നത്‌ എന്നോർക്കുക.

*ബാക്കിയുള്ള പകിട്ടൊക്കെ ചുമ്മാതാണ്‌. ആ കട്ടിൽ കണ്ട്‌ പനിക്കേണ്ട. ആരോടും ഒരു പരിധി വിട്ട്‌ അടുക്കേണ്ട, അകലവും സൂക്ഷിക്കേണ്ട. വഴിയിൽ വീണ്‌ കിടക്കുന്ന പട്ടിക്ക്‌ ഒരു ഉരുള ചോറ്‌ കൊടുത്താൽ അത്‌ വാലാട്ടും, നമുക്ക്‌ വേണ്ടി കുരയ്‌ക്കും. നമ്മെ നോക്കി ചിരിക്കുന്നവരിൽ എത്ര പേർ നമ്മളെ കടിക്കുമെന്നറിയില്ല.

* സധൈര്യം, സസന്തോഷം നിലപാടുകളോടെ, ജാഗ്രതയോടെ മുന്നോട്ട്‌… ഉയർന്ന്‌ പറക്ക്‌ പെണ്ണേ, ആകാശം നമ്മുടേതാണ്‌.

Dr.Shimna Azeez

shortlink

Related Articles

Post Your Comments

Related Articles


Back to top button