തെലങ്കാന: തെലങ്കാനയിലെ അദിലബാദില്‍ മട്ടണ്‍കറി കഴിച്ച മൂന്നു കുട്ടികള്‍ മരിച്ചു. ഭക്ഷ്യവിഷബാധയേറ്റതെന്ന് സംശയിക്കുന്ന 24 പേര്‍ ആശുപത്രിയിലാണ്. ചൊവ്വാഴ്ച രാത്രി നര്‍നൂല്‍ ബ്ലോക്കിലെ കോത്തപള്ളി എച്ച് ഗ്രാമപഞ്ചായത്തിലെ ഒരു ഗോത്ര കുടുംബത്തില്‍ നടന്ന ആഘോഷമാണ് ദുരന്തത്തില്‍ കലാശിച്ചത്. മിച്ചം വന്ന മട്ടണ്‍മറി ബുധനാഴ്ച രാവിലെ കഴിച്ച കുട്ടികള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഒരു വയസ്സു മുതല്‍ മൂന്നു വയസ്സുവരെയുള്ള കുട്ടികള്‍ മരിച്ചവരില്‍ പെടുന്നു.
15 കുട്ടികള്‍ അടക്കം 24 പേര്‍ ഇവിടെ ചികിത്സയിലാണ്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. കറി കഴിച്ച കുട്ടികള്‍ക്ക് ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടു. ഭക്ഷ്യവിഷബാധയാണെന്ന് വീട്ടുകാര്‍ സംശയിക്കുന്നതിനിടെ രണ്ടു വയസ്സുകാരന്‍ സിദം ആയു മരണമടഞ്ഞു.ഉടന്‍തന്നെ ഭക്ഷണം കഴിച്ച എല്ലാവരേയും നര്‍നൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. മൂനഎനു വയസ്സുകാരി സിദം ചിന്നു ബായി ഇവിടെ വച്ചാണ് മരിച്ചത്. ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം എല്ലാവരേയും ഉത്‌നൂറിലെ ആശുപത്രിയിലേക്ക് മാറ്റി.
വൈകിട്ടോടെ ഒരു വയസ്സുകാരന്‍ കൊടപ്പ സുപാരിയും മരണത്തിന് കീഴടങ്ങി.ഏതാനും പേരെ അദിലബാദിലെ റിംസ് ആശുപത്രിയിലേക്ക് മാറ്റി. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും സാംപിള്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും ഫലം വന്നാലേ ഭക്ഷ്യവിഷബാധയാണോ എന്ന് വ്യക്തമാകൂവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ ഉത്‌നൂര്‍ ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡവലപ്‌മെന്റ് ഏജന്‍സി പ്രൊജക്ടര്‍ ഓഫീസര്‍മാര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Post Your Comments