നടന്‍ ദിലീപിനെ അനുകൂലിച്ച് സംസാരിച്ച ശ്രീനിവസനെതിരെ രൂക്ഷ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തക സുചിത്ര എം.രംഗത്ത്. കുട്ടിമാമയല്ല; കൂട്ടിക്കൊടുപ്പുമാമയായിട്ടാണ് മനോരമ ചാനലിൽ വന്ന ശ്രീനിവാസന്റെ അഭിമുഖം കണ്ടപ്പോൾ എനിക്ക് തോന്നിയതെന്ന് സുചിത്ര ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സുചിത്രയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കുട്ടിമാമയല്ല; കൂട്ടിക്കൊടുപ്പുമാമ.
അങ്ങനെയാണ് മനോരമ ചാനലിൽ വന്ന ശ്രീനിവാസന്റെ അഭിമുഖം കണ്ടപ്പോൾ എനിക്ക് തോന്നിയത്. ദിലീപിനെതിരെയുള്ള ആരോപണങ്ങൾ ചുമ്മാ കെട്ടിച്ചമച്ചതാണത്രേ. അതെങ്ങനെ ശ്രീനിവാസന് അറിയും ? കേസിന്റെ വിചാരണ കഴിഞ്ഞിട്ടില്ല, വിധി പറഞ്ഞിട്ടുമില്ല. കേസ് സുപ്രീകോടതിയിലാണ് . നിയമപരമായി ദിലീപ് പ്രതി തന്നെയാണ്. ‘പൾസർ സുനിയേ ആദ്യമുണ്ടായിരുന്നുള്ളൂ, ഒരാഴ്ച്ച കഴിഞ്ഞാണ് ദിലീപിന്റെ പേര് വന്നത്, എനിക്ക് അറിയുന്ന ദിലീപ് ഒന്നരകോടി പോയിട്ട് ഒരു നയാപൈസ പോലും ഇങ്ങനെയൊരു കാര്യത്തിനു മുടക്കില്ല എന്നുപറഞ്ഞ് അറപ്പിക്കുന്ന ഒരു ചിരി ചിരിച്ചു ശ്രീനിവാസൻ. അശ്ലീലം എന്നല്ലാതെ ഒരു വാക്കുമില്ല ആ ചിരിയെ വിശേഷിപ്പിക്കാൻ.
കഴിഞ്ഞില്ല. WCC യെപ്പറ്റിയുള്ള ചോദ്യത്തിന്, WCC യോ, അതെന്താണ് എന്നായിരുന്നു മഹാന്റെ പ്രതികരണം. ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ സംഘടന എന്താണ് പറയുന്നതെന്ന് ശ്രീനിവാസന് ഇതുവരെ മനസ്സിലായിട്ടില്ലത്രെ. ചൂഷണമോ, ഹേയ് , അങ്ങനെയൊന്നു സിനിമാലോകത്തില്ല. പിന്നെ, അതിനൊക്കെ നിന്നുകൊടുത്താൽ അങ്ങനെയൊക്കെ സംഭവിച്ചെന്നിരിക്കും പോലും. പറയാൻ തുടങ്ങിയാൽ പലതും പറയേണ്ടിവരും, കാര്യങ്ങൾ സഭ്യമല്ലാത്തതിനാൽ ഇന്റർവ്യൂ കഴിഞ്ഞതിനുശേഷം രഹസ്യമായി പറയാം എന്നൊക്കെയാണ് ഒരു ഉളുപ്പുമില്ലാതെ പറഞ്ഞത്. സഭ്യത എന്ത് എന്നതിനെപ്പറ്റി ഇത്തിരിയെങ്കിലും ബോധമുണ്ടായിരുന്നെങ്കിൽ സഹിക്കവയ്യാതെ തിരിഞ്ഞുനിന്നു പോരാടുന്ന സ്ത്രീകളെ താഴ്ത്തിക്കെട്ടുമോ?
തുല്യത , തുല്യജോലിക്ക് തുല്യ വേതനം എന്നതിനെപ്പറ്റിയെല്ലാം പരമപുച്ഛം. ഓക്കാനമുണ്ടാക്കുന്ന അതേ പൊട്ടിച്ചിരി. സത്യം പറഞ്ഞാൽ, കേസെടുക്കേണ്ടതാണ് ശ്രീനിവാസനെതിരെ.
പുതിയ തലമുറയിലുള്ളവരുടെ സിനിമകളെപ്പ റ്റിയും പുച്ഛമാണ് പുള്ളിക്ക്. പല സിനിമകളും എടുത്തത് എന്തിനാണെന്നുപോലും മനസ്സിലാകുന്നില്ലത്രേ. ഗംഭീരമായ സിനിമകളെടുത്ത് പുതിയ തലമുറ പ്രേക്ഷകരെ ഞെട്ടിക്കുകയും വലിയ പ്രതീക്ഷകളോടെ പ്രേക്ഷകർ അവരെ ചേർത്തുപിടിക്കുകയും ചെയ്യുന്ന സമയമാണ്. അത് അംഗീകരിക്കാൻ ശ്രീനിവാസന്റെ അസൂയക്കും മുറിവേറ്റ അഹന്തയ്ക്കും കഴിയുന്നില്ല. ചെളിക്കുണ്ടിൽ നിന്ന് മലയാളസിനിമ പതുക്കെ കരകയറുകയാണ്. എന്നിട്ടുമില്ല ഒരു നല്ല വാക്കുപോലും പുതിയ വരെപ്പറ്റിപ്പറയാൻ. താനെന്തോ വലിയ ഒരു സംഭവമാണ് എന്ന മട്ടിലാണ് സംസാരം.
ശരിയാണ്, ശ്രീനിവാസന്റെ സന്ദേശവും വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയുമൊക്കെ ആസ്വദിച്ചിട്ടുണ്ട് ഞാനും മറ്റുപലരെയുംപോലെ. നാടോടിക്കാറ്റും പട്ടണപ്രവേശവും സന്മനസ്സുള്ളവർക്കു സമാധാനവുമൊക്കെമൊക്കെ കണ്ടുചിരിച്ചിട്ടുമുണ്ട് അക്കാലത്ത്. പക്ഷേ, അതുകൊണ്ട് ഇപ്പോൾ പറയേണ്ടത് പറയാതെ പറ്റില്ലല്ലോ. ദിലീപ് അത് ചെയ്യില്ല എന്ന് അടൂർ ഗോപാലകൃഷ്ണനും പറഞ്ഞിരുന്നു തുടക്കത്തിലേ. എന്തുറപ്പാണ് നിങ്ങൾക്കൊക്കെ ഇക്കാര്യത്തിൽ!
കുട്ടിമാമ യുടെ കാര്യം അവിടെ നിൽക്കട്ടെ. വലിയ ഒരു മാമ വേറെയുണ്ടല്ലോ. മനോരമ! ചെയ്യുന്നത് മാധ്യമപ്രവർത്തനമാണോ പിമ്പിങ്ങാണോ? ദിലീപിനെ അനുകൂലിച്ചും WCC യെ അപഹസിച്ചും ശ്രീനിവാസൻ പറഞ്ഞത് ഹൈലൈറ്റ് ചെയ്ത് പ്രൊമോ കൊടുത്തതുകൊണ്ട് ഇന്റർവ്യൂ കാണാൻ ആളെ കൂട്ടുക മാത്രമല്ല, ആ വൃത്തികേട് പിന്നീടുവന്ന വാർത്താബുള്ളറ്റിനുകളിലും ഉൾപ്പെടുത്തി. തുടക്കം മുതലേ ദിലീപിനൊപ്പം നിൽക്കാൻ വ്യഗ്രത കാണിക്കുന്ന മാധ്യമസ്ഥാപനമാണ് . അത്ഭുതപ്പെടാനൊന്നുമില്ല. പണ്ട് സൂര്യനെല്ലിയിലെ കുട്ടിയെ അധിക്ഷേപിക്കാൻ മനോരമ ഉപയോഗിച്ച വാക്കുകൾ ഓർക്കുന്നുണ്ടാവുമല്ലോ ചിലരെങ്കിലും?
Post Your Comments