Latest NewsKeralaIndia

ശ്രീലങ്കൻ ഭീകരാക്രമണം : നിലമ്പൂരിലെ ദമ്മാജ്‌ സലഫി ഗ്രാമം നിരീക്ഷണത്തില്‍

ഐ.എസില്‍ ചേരാന്‍ സിറിയയിലേക്കുപോയ മലയാളി കുടുംബങ്ങളും ശ്രീലങ്കയില്‍നിന്നുള്ള സലഫി പണ്ഡിതരും മുമ്പ് ഇവിടെയെത്തിയിരുന്നെന്ന വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണു വിവരശേഖരണം.

മലപ്പുറം : ഈസ്‌റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ സംശയനിഴലിലുള്ള നാഷണല്‍ തൗഹീദ്‌ ജമാ അത്തി(എന്‍.ടി.ജെ)നു നിലമ്പൂര്‍ അത്തിക്കാട്ടെ ദമ്മാജ്‌ സലഫി ഗ്രാമവുമായുള്ള ബന്ധത്തെക്കുറിച്ചു ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷണം ആരംഭിച്ചു. ഐ.എസില്‍ ചേരാന്‍ സിറിയയിലേക്കുപോയ മലയാളി കുടുംബങ്ങളും ശ്രീലങ്കയില്‍നിന്നുള്ള സലഫി പണ്ഡിതരും മുമ്പ് ഇവിടെയെത്തിയിരുന്നെന്ന വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണു വിവരശേഖരണം.

ലങ്കന്‍ ആക്രമണങ്ങളുടെ സൂത്രധാരനായ എന്‍.ടി.ജെ. തലവന്‍ സഹ്‌റാന്‍ ഹാഷിമോ അനുയായികളോ അത്തിക്കാട്ടെത്തിയോ എന്നാണ്‌ പ്രധാനമായും പരിശോധിക്കുന്നത്‌.
ഇവിടം ഇടത്താവളമായോ ഒളിയിടമായോ ഉപയോഗിച്ചിരിക്കാമെന്നും സംശയമുണ്ട്‌. നിലമ്പൂരിലെത്തിയവര്‍ ശ്രീലങ്കയിലെ ദമ്മാജ്‌ സലഫി കേന്ദ്രം സന്ദര്‍ശിച്ചതിനൊപ്പം ലങ്കന്‍ മതപണ്ഡിതന്‍ അത്തിക്കാട്ടു മതപഠന ക്ലാസുകളെടുത്തതായും രഹസ്യാന്വേഷണ വിഭാഗം ഏജന്‍സികള്‍ക്കു വിവരമുണ്ട്‌. ലങ്കയിലെ ചാവേര്‍സ്‌ഫോടന പരമ്പരയോടെ അത്തിക്കാട്ടെത്തിയ ശ്രീലങ്കക്കാരെപ്പറ്റി എന്‍.ഐ.എ. കൂടുതല്‍ അന്വേഷണത്തിനു തീരുമാനിക്കുകയായിരുന്നു.

പ്രത്യേക നേതൃത്വമില്ലാതെ വിചിത്രമായ വിശ്വാസവുമായി ജീവിക്കുന്ന കേരളത്തിലെ ദമ്മാജ്‌ സലഫി വിഭാഗത്തില്‍ നിലവില്‍ തീവ്രവാദ ബന്ധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. സലഫി ഗ്രാമത്തെപ്പറ്റി നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു. 2015-ല്‍ ഇവിടെ താമസമാക്കിയ വര്‍ക്കല സ്വദേശിയുടെ പ്രവൃത്തികളില്‍ സംശയമുണ്ടെന്നുകാട്ടി യാസിര്‍ എന്നയാള്‍ 2016 ജൂണ്‍ 23ന്‌ പോലീസില്‍ പരാതിപ്പെട്ടിരുന്നു. മതവിഷയങ്ങളില്‍ അമിതമായ കാര്‍ക്കശ്യം പുലര്‍ത്തുന്ന ഇദ്ദേഹത്തിന്റെയും അനുയായികളുടെയും പ്രവര്‍ത്തനങ്ങളില്‍ ദേശവിരുദ്ധതയുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം. ഇതേപ്പറ്റി കാര്യമായ അന്വേഷണം നടന്നില്ല.

എന്നാല്‍ കാസര്‍ഗോഡ്‌, പടന്ന, പാലക്കാട്‌ എന്നിവിടങ്ങളില്‍നിന്നു കാണാതായവര്‍ അത്തിക്കാട്ടെ സലഫി ഗ്രാമം സന്ദര്‍ശിക്കാറുണ്ടായിരുന്നെന്നു ബന്ധുക്കള്‍ പോലീസിനോടു വെളിപ്പെടുത്തിയതോടെ അന്വേഷണത്തിനു ചൂടുപിടിച്ചു.മുജാഹിദ്‌ വിഭാഗത്തിലെ പിളര്‍പ്പിനുശേഷം കെ.എന്‍.എം. വിഭാഗത്തിനൊപ്പംനിന്ന ഗവ. സ്‌കൂള്‍ അധ്യാപകനും മതപണ്ഡിതനുമായ സുബൈര്‍ മങ്കടയാണ്‌ ദമ്മാജ്‌ സലഫി ആശയവുമായി അത്തിക്കാട്ട്‌ സലഫി ഗ്രാമം ആരംഭിച്ചത്‌. ചാലിയാര്‍ പുഴയുടെ തീരത്തു വനത്തോടു ചേര്‍ന്ന വിജനമായ ഭാഗത്തു മൂന്നേക്കര്‍ഭൂമി വാങ്ങി സമാന ആശയക്കാരായ 18 കുടുംബങ്ങളുമായി പ്രത്യേക വിഭാഗമായി ജീവിക്കുകയായിരുന്നു.

യെമനിലെ ദമ്മാജ്‌ സലഫി വിഭാഗത്തെ മാതൃകയാക്കി ഭൗതികസുഖങ്ങള്‍ ഉപേക്ഷിച്ചായിരുന്നു ജീവിതം. ആരാധനയ്‌ക്കായി പ്രത്യേകം മദ്രസയും പള്ളിയും പഠനത്തിനു സ്‌കൂളും നിര്‍മിച്ചു. അഭിപ്രായവ്യത്യാസങ്ങള്‍ക്കൊടുവില്‍ മൂന്നുവര്‍ഷം മുമ്ബു സുബൈര്‍ മങ്കടയും ആറു കുടുംബങ്ങളും ഇവിടം ഉപേക്ഷിച്ചു. മലപ്പുറം, ലക്ഷദ്വീപ്‌, തലശേരി, വര്‍ക്കല എന്നിവിടങ്ങളില്‍നിന്നുള്ള 12 കുടുംബങ്ങളാണ്‌ ഇപ്പോള്‍ ഇവിടെയുള്ളത്‌. ചില വീടുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്‌. മൂന്നു വര്‍ഷമായി പള്ളിയില്‍ ജുമുഅ നമസ്‌കാരം നടക്കുന്നില്ല. സ്‌കൂളും പ്രവര്‍ത്തനരഹിതമാണ്‌. മംഗളം ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button