മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വളാഞ്ചേരി നഗരസഭാംഗ ഷംസുദ്ദീന്‍ നടക്കാവിലിനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാതെ കുഴങ്ങിയിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.ദുബായില്‍ ചാര്‍ക്കോള്‍ ബിസിനസ് നടത്തുന്ന പ്രതിക്ക് മറ്റു രാജ്യങ്ങളിലും ബിസിനസ് ബന്ധങ്ങളുള്ളതിനാല്‍ പല രാജ്യങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുന്നതായാണ് വിവരം. ലുക്ക് ഔട്ട് നോട്ടീസിനുള്ള നടപടികള്‍ ഇന്നു പൂര്‍ത്തിയാകും. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ എത്തുമ്പോഴേ ലുക്ക് ഔട്ട് നോട്ടീസ് ഉപയോഗിച്ച് അറസ്റ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍നിന്നു കൊണ്ടുപോയി പലയിടത്തുവച്ച് പീഡിപ്പിച്ചെന്നാണ് കേസ്. കേസ് ഗൗരവമായി കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി ആരോപണമുയര്‍ന്നിരുന്നു. മന്ത്രി കെ.ടി. ജലീലുമായി അടുപ്പമുള്ളതുകൊണ്ട് പ്രതിയെ രക്ഷിക്കാന്‍ രാഷ്ട്രീയനേതൃത്വം ശ്രമിക്കുകയാണെന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കേസില്‍ പ്രതിയായ സിപിഎം നഗരസഭാംഗവുമായി തനിക്കുണ്ടെന്നു പറയുന്ന സൗഹൃദം അദ്ദേഹത്തിനെതിരായ കേസ് നടപടിയെ ബാധിക്കില്ലെന്ന് മന്ത്രി കെ.ടി.ജലീല്‍ വ്യക്തമാക്കി. താനുമായുള്ള സൗഹൃദവും ബന്ധവവും പ്രശ്‌നമല്ല. കുറ്റം ചെയ്തത് തന്റെ മകനാണെങ്കിലും ശിക്ഷിക്കപ്പെടും. അതിന് യൊതൊരുമാറ്റവുമുണ്ടാകില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
കേസില്‍ പ്രാഥമികാന്വേഷണം നടക്കുമ്പോഴേക്കും പ്രതി വിയറ്റ്‌നാമില്‍ എത്തിയതായി സൂചനയുണ്ടായിരുന്നു. പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയപ്പോഴേക്കും മലേഷ്യയിലേക്കു കടന്നതായി വിവരം ലഭിച്ചു. ഒടുവില്‍ ഇന്തൊനീഷ്യയില്‍ എത്തിയതായും പറയുന്നു. തായ്ലന്‍ഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ബിസിനസ് സുഹൃത്തുക്കളുള്ളതിനാല്‍ ഏതുവഴിക്കു പോകുന്നെന്ന് അറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. അറസ്റ്റ് ഉടനുണ്ടാകുമെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും എങ്ങനെയെന്നു വ്യക്തമല്ല.
Post Your Comments