അടൂര്‍ : തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിനിടെ ആദായ നികുതി ഉദ്യോഗസ്ഥനു മര്‍ദനമേറ്റു. സംഭവത്തില്‍ ഇടപെട്ട സിഐയെ അക്രമികള്‍ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. അടൂര്‍സി.ഐയ്ക്കു നേരെയാണ് യുവാക്കള്‍ കയ്യേറ്റത്തിന് മുതിര്‍ന്നത്. അക്രമം നടത്തിയ 6 പേരെയും സിഐ അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 12ന് അടൂര്‍ സെന്‍ട്രല്‍ ജംക്ഷനില്‍ ഗാന്ധി പാര്‍ക്കിന് എതിര്‍ വശത്തുള്ള തട്ടുകടയിലാണ് സംഭവം. വടക്കടത്തുകാവ് അയ്യന്‍കോയിക്കല്‍ പുത്തന്‍പുരയില്‍ സുരേന്ദ്രനാണ്(43) മര്‍ദനമേറ്റത്.
ഇദ്ദേഹത്തെ മര്‍ദിക്കുന്നതു കണ്ട് ഇടപെട്ടപ്പോഴാണ് സിഐ എം. സുധിലാലിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. പയ്യനല്ലൂര്‍ ഉള്ളൂര്‍മുകള്‍ ലക്ഷംവീട് കോളനിയില്‍ മഹേഷ് ഭവനില്‍ എം. മഹേഷ്(25), ശരണ്യാഭവനില്‍ ശരത്(24), പയ്യനല്ലൂര്‍ ശരത് ഭവനില്‍ ശരത്(26), ശരണ്‍(23), ഇളംപളളി മണി ഭവനില്‍ രഞ്ചുലാല്‍(28), ഇളംപള്ളി തെങ്ങിനാല്‍ മനുഭവനില്‍ ഗൗതം(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവര്‍ തട്ടുകടയില്‍ ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ സുരേന്ദ്രനും ഭക്ഷണം കഴിക്കാനായി അവിടെ എത്തി. ഇതിനിടയില്‍ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും സുരേന്ദ്രനെ മര്‍ദിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒരു കേസുമായി ബന്ധപ്പെട്ട് കൊട്ടാരക്കരയില്‍ പോയി മടങ്ങുമ്പോള്‍ ആഹാരം കഴിക്കാന്‍ സിഐ തട്ടുകടയ്ക്കു മുന്നില്‍ വാഹനം നിര്‍ത്തിയപ്പോഴാണ് മര്‍ദനം നടക്കുന്നത് കണ്ടത്.
മഫ്തിയിലായിരുന്ന സിഐ ഉടന്‍ തന്നെ വാഹനത്തില്‍ നിന്നിറങ്ങി മര്‍ദനം തടയാന്‍ ശ്രമിച്ചു. അപ്പോഴാണ് അക്രമികള്‍ അദ്ദേഹത്തെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.
Post Your Comments