ഹൈദരാബാദ്: തെലങ്കാനയില്‍ വേനല്‍ അതികഠിനമാകുന്നു.നിലവില്‍ കനത്ത ചൂട് തുടരുന്ന തെലങ്കാനയില്‍ താപനില 48 ഡിഗ്രി വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 1966-ന് ശേഷം ആദ്യമായാണ് താപനില 48 ഡിഗ്രി സെല്ഷ്യസിലേക്കെത്തുന്നത്.കടുത്ത ചൂടിനേ തുടര്‍ന്ന് ആളുകള്‍ പുറത്തിറങ്ങാത്തതിനാല്‍ രണ്ട് ദിവസമായി കച്ചവടം വളരെ മോശമാണെന്നും രാത്രിയില്‍ മാത്രമാണ് ഇപ്പോള്‍ കച്ചവടം നടക്കുന്നതെന്നുമാണ് തെലങ്കാനയിലെ ചെറുകിട കച്ചവടക്കാര്‍ പറയുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ അയല്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശില്‍ വീശിയടിച്ച ഫോനി ചുഴലിക്കാറ്റ് തെലങ്കാനയിലെ ചൂടിന് നേരിയ തോതില്‍ ശമനം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് താപനില വീണ്ടും ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ‘മെയ് മാസത്തില്‍ സംസ്ഥാനത്ത് വേനല്‍ കഠിനമാകും. വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉഷ്ണ തരംഗമാണ് വേനല്‍ ചൂട് കൂടാന്‍ കാരണമാകുന്നത്.
1966-ലേതിനു സമാനമായി താപനില 48 ഡിഗ്രിയിലെത്തും. ഹൈദരാബാദിലെ താപനിലയും ഇതിനു സമാനമായിരിക്കും’. കാലാവസ്ഥ വകുപ്പിലെ ഉദ്യോഗസ്ഥനായ രാജ റാവു പറഞ്ഞു.
Post Your Comments