കൊളംബോ : ശ്രീലങ്കയില്‍ ഭീകരരുടെ പരിശീലന കേന്ദ്രം കണ്ടെത്തി . പരിശീലന കേന്ദ്രം ഗ്രാമീണ രീതിയില്‍ . ഈസ്റ്റര്‍ ദിനത്തില്‍ ഭീകരാക്രമണം നടത്തിയ ചാവേറുകള്‍ക്ക് പരിശീലനം നല്‍കിയതെന്നു കരുതുന്ന താവളമാണ് പൊലീസ് കണ്ടെത്തിയത്. കട്ടന്‍കുടിയിലാണ് 10 ഏക്കര്‍ വരുന്ന ഈ സ്ഥലം. സ്ഥലം ഉടമകളായ 2 പേരെ അറസ്റ്റ് ചെയ്തു. ഭീകരര്‍ ഇവിടെയാണു വെടിവയ്പ്, ബോംബ് നിര്‍മാണം എന്നിവ പരിശീലിച്ചതെന്നു കരുതുന്നു. മതില്‍ കെട്ടി തിരിച്ചിട്ടുള്ള സ്ഥലം ദരിദ്രര്‍ താമസിക്കുന്ന മേഖലയിലാണ്.
മാവുകളും കോഴി, ആട് വളര്‍ത്തല്‍ എന്നിവയുമുള്ളതിനാല്‍ ഈ സ്ഥലം ആരിലും സംശയം ജനിപ്പിക്കുന്നതല്ല. 4 നിലയുള്ള നിരീക്ഷണഗോപുരവും ഉണ്ട്. മതില്‍ വെടിയുണ്ട തുളച്ചതായി കാണാം. ബോംബ് സൂക്ഷിക്കാനുള്ളതെന്നു സംശയിക്കുന്ന കുഴലുകളും കാണാം. ആക്രമണത്തിന്റെ സൂത്രധാരന്‍ സഹ്‌റാന്‍ ഹാഷിമിന്റെ ജന്മനാടിനു സമീപമാണിത്.
ഇതിനിടെ, സ്‌ഫോടനപരമ്പരയെ തുടര്‍ന്ന് 200 മുസ്ലിം പണ്ഡിതരടക്കം 600 വിദേശികളെ രാജ്യത്തുനിന്ന് പുറത്താക്കി. മതപുരോഹിതര്‍ നിയമവിധേയമായാണു വന്നതെങ്കിലും വീസ കാലാവധി കഴിഞ്ഞും താമസിച്ചതായി കണ്ടെത്തിയിരുന്നു. അതിനുള്ള പിഴ കൂടി ഈടാക്കിയശേഷമാണു പുറത്താക്കിയത്. ഇവര്‍ ഏതൊക്കെ രാജ്യക്കാരാണെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇന്ത്യ, ബംഗ്ലദേശ്, മാലദ്വീപ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അധികവുമെന്നു പൊലീസ് പറഞ്ഞു.
Post Your Comments